തൃശൂർ: വടക്കേക്കാട് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി കടന്നു കളഞ്ഞ ചെറുമകനെ പിടികൂടി. മാനസിക അസ്വാസ്ഥ്യത്തിന് മുൻപ് ചികിത്സ തേടിയ ആളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു.
വടക്കേക്കാടിന് അടുത്ത് വൈലത്തൂരാണ് ക്രൂരമായ കൊലപാതകം നടന്നത്.
പനങ്ങാവിൽ വീട്ടിൽ 75 വയസ്സുള്ള അബ്ദുള്ള, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരാണ് കൊലപ്പെട്ടത്. ഇവരുടെ ചെറുമകൻ അക്മൽ എന്ന മുന്നയാണ് കൊലപാതകം നടത്തിയത്. ഇയാൾ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.
തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു ഇയാളുടെ താമസം. അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്. ഗുരുവായൂർ എ സി പി കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.