എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: തീവ്രവാദബന്ധം തള്ളാനാവില്ലെന്ന് എന്‍ഐഎ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട്

Jaihind Webdesk
Sunday, April 9, 2023

 

കൊച്ചി: എലത്തൂർ ട്രെയിൻ തീവെപ്പ് സംഭവത്തില്‍ തീവ്രവാദ ബന്ധം തള്ളാനാകില്ലെന്ന് എന്‍ഐഎയുടെ പ്രാഥമിക റിപ്പോർട്ട്. സമഗ്രമായ അന്വേഷണം വേണം. സംഭവം പരിശോധിക്കുമ്പോൾ ആസൂത്രിത സ്വഭാവമുണ്ടെന്നും എൻഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എൻഐഎ (NIA) കൊച്ചി – ചെന്നെ ഉദ്യോഗസ്ഥരാണ് എലത്തൂർ ട്രെയിൻ തീവെപ്പ് സംഭവത്തില്‍ തീവ്രവാദ ബന്ധം തള്ളാനാകില്ലന്ന പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. തീവെപ്പ് പരിശോധിക്കുമ്പോൾ ആസൂത്രിത സ്വഭാവമുണ്ടെന്നും എൻഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി എന്തു കൊണ്ട് കേരളം തിരഞ്ഞെടുത്തുവെന്നത് വലിയ സംശയമാണ്. ബോഗിയിലെ മുഴുവൻ പേരെയും വധിക്കുകയായിരുന്നു ലക്ഷ്യമെന്ന് വിലയിരുത്താമെന്നും എലത്തൂർ തെരെഞ്ഞെടുത്തതിന് പിന്നിലും ദുരൂഹത സംശയിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ പ്രതിയുടെ ഐഎസ് ബന്ധവും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഐഎസ് പ്രസിദ്ധീകരണത്തിൽ തുടർച്ചയായി ദക്ഷിണേന്ത്യ ആക്രമിക്കാൻ ആഹ്വാനം ചെയ്തിരുന്നു. സ്വന്തം നിലയിൽ ആക്രമണത്തിനും ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമാണോ ആക്രമണം എന്നതും അന്വേഷണ ഏജൻസി പരിശോധിക്കുന്നുണ്ട്.