നേപ്പാളിൽ എട്ട് മലയാളി വിനോദസഞ്ചാരികൾ മരിച്ച നിലയിൽ

Jaihind News Bureau
Tuesday, January 21, 2020

നേപ്പാളിൽ നാല് കുട്ടികൾ ഉൾപ്പെടെ 8 മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കനത്ത തണുപ്പിനെ അതിജീവിക്കാൻ ഗ്യാസ് ഹീറ്ററുകൾ മുറികളിൽ ഉപയോഗിച്ചിരുന്നു. ഇതിൽ നിന്നുണ്ടായ വിഷവാതകമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കും.  മരിച്ചത് തിരുവനന്തപുരം, കോഴിക്കോട് സ്വദേശികൾ.

നേപ്പാളിലെ മക്വാൻപൂർ ജില്ലയിലെ ദമാനിലെ റിസോർട്ടിൽ ഗ്യാസ് ചോർന്നതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള എട്ട് വിനോദ സഞ്ചാരികൾ മരിച്ചു. ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. നാല് കുട്ടികളടക്കം എട്ട് ഇന്ത്യൻ പൗരന്മാരെ ഒരു റിസോർട്ടിലെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇവരെ ഹാംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇവരെ ഹെലികോപ്റ്ററിൽ അശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചതെന്ന് പോലീസ് സൂപ്രണ്ട് സുശീൽ സിംഗ് രത്തർ പറഞ്ഞു. തണുപ്പകറ്റാൻ ഇവർ മുറിയിലെ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതിനെ തുടർന്ന് ശ്വാസം മുട്ടിയാകാം മരിച്ചത് എന്നാണ് കരുതപ്പെടുന്നത്. പ്രബിൻ കുമാർ നായർ (39), ശരണ്യ (34) രഞ്ജിത് കുമാർ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായർ(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്.

കേരളത്തിൽ നിന്ന് പ്രശസ്തമായ പർവത വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയിലേക്ക് പോയ 15 പേരുടങ്ങിയ സംഘത്തിന്‍റെ ഭാഗമായിരുന്നു പ്രബിന്‍റെയും രഞ്ജിത്തിന്‍റെയും കുടുംബം. നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവർ തിങ്കളാഴ്ച രാത്രി മകവൻപൂർ ജില്ലയിലെ ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിൽ തങ്ങുകയായിരുന്നു.

റിസോർട്ടിലെ മാനേജർ പറയുന്നതനുസരിച്ച് റിസോർട്ടിൽ എത്തിയ അതിഥികൾ ഒരു മുറിയിൽ താമസിക്കുകയും ഗ്യാസ് ഹീറ്റർ ഓണാക്കുകയും ചെയ്തു. ആകെ നാല് മുറികൾ അവർ ബുക്ക് ചെയ്തിരുന്നെങ്കിലും, എട്ട് പേർ ഒരു മുറിയിൽ താമസിക്കുകയും മറ്റുള്ളവർ മറ്റൊരു മുറിയിൽ താമസിക്കുകയും ചെയ്തെന്ന് മാനേജർ പറഞ്ഞു. മുറിയുടെ എല്ലാ ജനലുകളും വാതിലും അകത്തു നിന്ന് ബോൾട്ട് ചെയ്തിരുന്നു. അതിനാല്‍ തന്നെ വെന്‍റിലേഷന്‍റെ അഭാവം മൂലമാകാം മരണം സംഭവിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

കൂടുതല്‍ വായനയ്ക്കായി…

പ്രവീണിന്‍റെയും കുടുംബത്തിന്‍റെയും മരണവാർത്തയുടെ ഞെട്ടലില്‍ ചേങ്കോട്ടുകോണം…

വീട്ടുകാരെയും നാട്ടുകാരെയും ഒരു പോലെ ദുഃഖത്തിലാഴ്ത്തി വിനോദയാത്രയ്ക്ക് പോയ കുടുംബത്തിന്‍റെ അപ്രതീക്ഷിത മരണം