പുതിയ പരിസ്ഥിതി ആഘാത പഠന നിയമം വൻ ദുരന്തം; ശബ്​ദമുയർത്തിയില്ലെങ്കിൽ വരാനിരിക്കുന്നത്​ വന്‍ വിപത്ത്​ : മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, August 9, 2020

കേന്ദ്ര സർക്കാരിന്‍റെ പുതിയ പരിസ്ഥിതി ആഘാത പഠന നിയമം (അഥവാ ഇ.ഐ.എ) 2020 അപകടകരമായ നിർദേശങ്ങൾ ഉള്ളതാണെന്നും കരട് തന്നെ പിന്‍വലിക്കണമെന്നും രാഹുൽ ഗാന്ധി. ഇഐഎ വ്യാപകമായ പാരിസ്ഥിതിക നാശത്തിന് ഇത് വഴിവെയ്ക്കുമെന്നും ഇതിനെതിരെ ശബ്​ദം ഉയർത്തിയില്ലെങ്കിൽ അത് വലിയ ദുരന്തമാകു​മെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. വർഷങ്ങളായി പിന്തുടരുന്ന പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങളെ തകർക്കുന്നതാണ് ഇഐഎ. നിയമത്തിനെതിരെ യുവ ജനത മുന്നോട്ടുവന്നില്ലെങ്കിൽ ദശലക്ഷക്കണക്കിന്​ ഇന്ത്യക്കാരുടെ ജീവിതം ദുരിതപൂർണമാകുമെന്നും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ മുന്നറിയിപ്പ്​ നൽകി.

നിയമത്തി​ന്‍റെ കരട് പൊതുജനാഭിപ്രായത്തിനായി സമർപ്പിച്ചിരിക്കുകയാണ്​ സർക്കാർ. ഇ ഐ എ കരട് നയം പ്രകാരം ഉയർന്ന മലിനീകരണ വ്യവസായങ്ങൾക്ക് ഇനിമേൽ പരിസ്ഥിതി ആഘാത വിലയിരുത്തൽ ആവശ്യമില്ല. വികസനത്തിന്‍റെ പേരിൽ വലിയ പരിസ്ഥിതി നശീകരണത്തിന് ഉൾപ്പെടെ ഇത് വഴിവെയ്ക്കും. മാത്രമല്ല പരിസ്​ഥിതി നാശത്തി​ന്‍റെ ഇരകളെ നിശബ്​ദമാക്കുന്നത് കൂടിയാണ് ഈ​ പുതിയ നിയമം. വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ ഇത് നശിപ്പിക്കും. പരിസ്ഥിതിയോട് ഇടച്ചേർന്നു ജീവിക്കുന്നവരുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് ഇഐഎ എന്നും ഭാവി തലമുറയെ കൂടി ബാധിക്കുന്നതാണ് ഇതെന്നും രാഹുല്‍ ഗാന്ധി ഫെയ്സ്​ബുക്ക്​ പോസ്റ്റിലൂടെ മുന്നറിയിപ്പ്​ നൽകി. പരിസ്ഥിതിയെ സംരക്ഷിക്കാൻ എപ്പോഴും മുന്നിൽ നിന്നിട്ടുള്ള യുവാക്കൾ ഉൾപ്പെടെയുള്ള സമൂഹം ഇക്കാര്യത്തിലും മുന്നോട്ട് വരണമെന്നും ഇ ഐ എ യെ എതിർക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.