ബലൂച് മേഖലയിലെ ഗുഡലാര്‍, പിരു കുന്റി എന്നീ പര്‍വതപ്രദേശങ്ങള്‍ക്ക് സമീപമുള്ള മഷ്‌കഫ് തുരങ്കത്തിലൂടെ കടന്നുപോകുമ്പോഴാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. ഒമ്പത് ബോഗികളിലായി 425 യാത്രക്കാരാണ് ജാഫര്‍ എക്‌സ്പ്രസില്‍ ഉണ്ടായിരുന്നത്. ട്രെയിനിനു നേരേ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം നടത്തി. ഒറ്റപ്പെട്ട സ്ഥലത്താണ് ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്നത്. ബലൂചിസ്ഥാന്‍ പ്രവിശ്യയ്ക്ക് സ്വാതന്ത്ര്യം ആവശ്യപ്പെട്ടാണ് ബിഎല്‍എ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ 214 പേരെ ബന്ദികളാക്കിയിട്ടുണ്ടെന്നും ട്രെയിനില്‍ ഉണ്ടായിരുന്ന 30 സുരക്ഷാ ഉദ്യോഗസ്ഥരെയെങ്കിലും തീവ്രവാദികള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നും പ്രഖ്യാപിച്ചു, എന്നാല്‍ പാകിസ്ഥാന്‍ അധികൃതര്‍ ഇതുവരെ ഈ കണക്കുകള്‍ സ്ഥിരീകരിച്ചിട്ടില്ല.
ബലൂച് ലിബറേഷന്‍ ആര്‍മിയില്‍ പെടുന്ന രാഷ്ട്രീയ തടവുകാരെയും, ആക്ടിവിസ്റ്റുകളെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ബലൂച് തീവ്രവാദികള്‍ ട്രെയിന്‍ തട്ടിയെടുത്തതും യാത്രക്കാരെ ബന്ദികളാക്കിയത്. ബലൂചിസ്ഥാനില്‍ അവധി ആഘോഷത്തിനു പോയ സൈനിക- സുരക്ഷാ ഉദ്യോഗസ്ഥരാണ് ബന്ദികളാക്കിയവരില്‍ ഭൂരിപക്ഷവും. , 48 മണിക്കൂറിനുള്ളില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നും, ട്രെയിന്‍ ‘പൂര്‍ണ്ണമായും നശിപ്പിക്കുമെന്നും’ തീവ്രവാദികള്‍ ഭീഷണിപ്പെടുത്തുന്നു. ജാഫര്‍ എക്‌സ്പ്രസിലുണ്ടായിരുന്ന യാത്രക്കാരില്‍ 80 പേര്‍ സൈനികരാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രക്ഷപ്പെടുത്തിയ 104 യാത്രക്കാരില്‍ 17 പേരെ പരിക്കേറ്റതിനാല്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആക്രമണത്തെ അപലപിച്ചു. സുരക്ഷാ സേന ആക്രമണകാരികളെ ഫലപ്രദമായി നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സംഭവത്തെ ശക്തമായി അപലപിച്ചു. ‘നിരപരാധികളായ പൗരന്മാര്‍ക്കും യാത്രക്കാര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ മനുഷ്യത്വരഹിതവും ഹീനവുമായ പ്രവൃത്തികളാണ്. യാത്രക്കാരെ ആക്രമിക്കുന്നവര്‍ ബലൂചിസ്ഥാനും അതിന്റെ പാരമ്പര്യങ്ങള്‍ക്കും എതിരാണ്’ എന്ന് പറയുകയും ചെയ്തു. ‘നിരപരാധികളായ യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന മൃഗങ്ങള്‍ യാതൊരു ഇളവുകളും അര്‍ഹിക്കുന്നില്ല.’ എന്ന് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി പറഞ്ഞു