സ്വപ്നയുടെ ശബ്ദരേഖ : അന്വേഷണം  ആവശ്യപ്പെട്ട് ഇ.ഡി കത്ത് നൽകിയതായി സൂചന ; സ്ഥിരീകരിക്കാതെ ജയിൽ വകുപ്പ്

 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ പ്രചരിച്ചതിൽ അന്വേഷണം  ആവശ്യപ്പെട്ട് എൻഫോഴ്സ്മെമെന്‍റ് ഡയറക്ടറേറ്റ് ജയിൽ മേധാവിക്ക് കത്ത് നൽകിയതായി സൂചന. എന്നാൽ കത്ത് ലഭിച്ചെന്ന കാര്യം ജയിൽ വകുപ്പ് സ്ഥിരീകരിച്ചില്ല. അതേസമയം ദക്ഷിണമേഖല ജയിൽ ഡിഐജി നടത്തിയ അന്വേഷണ റിപ്പോർട്ട് ഇഡിക്ക് കൈമാറിയേക്കും.

സ്വപ്ന  ശബ്ദരേഖ റെക്കോഡ് ചെയ്ത സാഹചര്യം ഉൾപ്പെടെ അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഇന്നലെ ജയിൽ മേധാവിക്ക് കത്ത് നൽകിയതായാണ് സൂചന. ഇ.ഡി വൃത്തങ്ങൾ കത്ത് നൽകിയെന്ന് പറയുമ്പോഴും ഇക്കാര്യം ജയിൽ മേധാവിയുടെ ഓഫീസ് സ്ഥിരീകരിക്കുന്നില്ല. കത്ത് നേരിൽ കണ്ടിട്ടില്ലെന്നാണ് ജയിൽ ഡി.ജി.പിയുടെ വിശദീകരണം. ഇന്ന് പരിശോധിച്ച ശേഷം തുടർ നടപടി തീരുമാനിച്ചേക്കും.

ഇഡിക്ക് മറുപടിയായി   ദക്ഷിണമേഖല ജയിൽ ഡിഐജി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം. ശബ്ദരേഖയുടെ ഉറവിടത്തിലടക്കം അന്വേഷണം നടത്താൻ പൊലീസ് മേധാവിക്ക് ശുപാർശ കൈമാറിയതും ഇഡിയ്ക്ക് നൽകുന്ന മറുപടിയിൽ ജയിൽ വകുപ്പ് അറിയിച്ചേക്കും.

Comments (0)
Add Comment