കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; 12 ന് ഹാജരാകണം

 

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‌ വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) നോട്ടീസ്. മാർച്ച് 12 ന് ഹാജരാകാനാണ് ഇഡി നിർദ്ദേശം നല്‍കിയിരിക്കുന്നത്. മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണം. ഇത് ആറാം തവണയാണ് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നല്‍കുന്നത്.

മസാല ബോണ്ട് സമാഹരണത്തിൽ കിഫ്ബി വിദേശ നാണയചട്ടം ലംഘിച്ചെന്നും റിസര്‍വ് ബാങ്കിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കിഫ്‌ബിക്ക് എതിരെ അന്വേഷണം തുടങ്ങിയത്. എന്നാല്‍ ഇഡി നടപടിയെ ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. ആവശ്യപ്പെട്ട വിവരങ്ങൾ കിഫ്ബി നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡിയും കോടതിയെ അറിയിച്ചു.

Comments (0)
Add Comment