ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കെതിരായ ഇഡി നീക്കം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോണ്‍ഗ്രസ്

 

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘെലിനെ ലക്ഷ്യമിട്ടുള്ള വേട്ടയാടലിനെതിരെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തുന്ന നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും അഭിഷേക് മനു സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള നേതാക്കളുടെ സംഘം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഭൂപേഷ് ബാഘെലിനെതിരായ ആരോപണത്തിന് വഴിവെച്ച വാതുവെപ്പ് ആപ്പിനെതിരെ നടപടിക്ക് തുടക്കമിട്ടത് ഛത്തീസ്ഗഢ് സർക്കാരാണ്. സംഭവവുമായി ബന്ധപ്പെട്ട് 499 പേരെ അറസ്റ്റ് ചെയ്യുകയും മഹാദേവ് ആപ്പിന്‍റെ പ്രൊമോട്ടർമാരെ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മൗനം പാലിച്ച കേന്ദ്രം ഇപ്പോള്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിഷയം ഛത്തീസ്ഗഢ് സർക്കാരിനെതിരെ വളച്ചൊടിക്കുന്നതിന് പിന്നിലെ രാഷ്ട്രീയനീക്കമാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

ഭൂപേഷ് ബാഘെല്‍ സർക്കാരിന്‍റെ ജനപ്രീതിയില്‍ പരിഭ്രാന്തിയിലാണ് ബിജെപി. സംസ്ഥാനത്ത് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുന്ന സാഹചര്യമാണ് ബിജെപിയുടെ ഹീന നീക്കങ്ങള്‍ക്ക് പിന്നിലെന്ന് നേതാക്കള്‍ ആരോപിച്ചു. ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ മനസിലാക്കി ജനം വിധിയെഴുതും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന ബിജെപി നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Comments (0)
Add Comment