സംസ്ഥാനത്തെ പ്രമുഖ മന്ത്രിയുടെയും ഇടത് എം.എൽ.എമാരുടെയും സ്വത്തുവിവരങ്ങളെപ്പറ്റി അന്വേഷ ണമാരംഭിച്ച് ഇഡി; നീക്കം സ്വപ്ന സുരേഷിന്‍റെയും പ്രതികളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒരു പ്രമുഖ മന്ത്രിയുടെയും ചില ഇടത് എം.എൽ.എമാരുടെയും ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങളെ കുറിച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചു. ഒരു പ്രമുഖ മന്ത്രി പുത്രനും അന്വേഷണ പരിധിയിൽ.

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇഡിക്ക് പ്രമുഖ മന്ത്രിക്കെതിരെയും മന്ത്രി പുത്രനെതിരെയും നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. കൂടാതെ ചില ഇടത് എം.എൽ.എമാർക്കെതിരെയും ഇ.ഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്. മന്ത്രി പുത്രന് മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മക്കളുമായി ബിസിനസ്സ് ബന്ധങ്ങൾ ഉള്ളതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് മന്ത്രി പുത്രനിലേക്കും അന്വേഷണം ദീർഘിപ്പിച്ചത്. മന്ത്രി പുത്രന് ബിനീഷ് കോടിയേരിയുമായി ഹോട്ടൽ ബിസിനസുള്ളതായും ഇ.ഡിക്ക് വിവരം ലഭിച്ചു. മന്ത്രി പുത്രന് വയനാട്ടിലും മൂന്നാറിലും തോട്ടങ്ങൾ ഉണ്ടെന്നും കർണ്ണാടകയിൽ വസ്തു വകകൾ ഉള്ളതായും അന്വേഷണ സംഘം കണ്ടെത്തിയതാണ് വിവരം. കൂടാതെ വസ്തുക്കച്ചവടങ്ങളിലും തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാൻ ഇടനിലക്കാരനായി നിന്നും വൻ സമ്പാദ്യം നേടിയെടുത്തതായും ഇ.ഡി കണ്ടെത്തി. കൂടാതെ പ്രമുഖ മന്ത്രിയും കുടുംബാംഗങ്ങളും കഴിഞ്ഞ വർഷം ചൈന സന്ദർശിക്കുകയും ചൈനീസ് ഉത്പന്ന നിർമ്മാതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. പ്രമുഖ അബ്കാരിയുടെ സ്‌പോൺസർ ഷിപ്പിൽ നടത്തിയ ചൈന സന്ദർശനത്തിനിടെ ബിസിനസ് നിക്ഷേപം നടത്തിയിട്ടുണ്ടോ എന്നും ഇ.ഡി അന്വേഷിക്കുന്നുണ്ട്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് കൂടുതൽ കുരുക്കായി മാറുകയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. ഇതാടെ മന്ത്രിസഭയും സി.പി.എമ്മും വരും ദിവസങ്ങളിൽ കൂടുതൽ പ്രതിരോധത്തിലാകുമെന്നുറപ്പാണ്.

Comments (0)
Add Comment