വീണാ വിജയനിലേയ്ക്ക് ഇഡിയും സിബിഐയും: മാസപ്പടി കേസിലെ കുറ്റപത്രത്തിന്മേല്‍ തുടരന്വേഷണം

Jaihind News Bureau
Wednesday, April 9, 2025

മാസപ്പടി കേസില്‍ എസ് ഐഎഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചതോടെ പിന്നാലെ മറ്റ് അന്വേഷണ ഏജന്‍സികളും എത്തുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍ ഇഡിയും സിബിഐയുമാണ് കൂടുതല്‍ അന്വേഷണത്തിനു വിധേയമാക്കുന്നത്. നിയമവിരുദ്ധമായ ഇടപാടുകള്‍ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ നേതാക്കളും പൊലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായും നടത്തിയെന്നും കൈക്കൂലി കൈമാറിയെന്നുമുള്ള കേസിലെ അഴിമതി സിബിഐയും കള്ളപ്പണ ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷിക്കും. എസ് എഫ് ഐ ഒയുടെ കുറ്റപത്രം ഇ.ഡി, സിബിഐ ഡയറക്ടര്‍മാര്‍ക്കു കൈമാറും.

കരിമണല്‍ കച്ചടവത്തിന്റെ മറവില്‍ എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ വെളിപ്പെട്ട ചില വസ്തുകകള്‍ കള്ളപ്പണം വെളുപ്പിക്കലിലേയ്ക്കു വിരല്‍ ചൂണ്ടുന്നവയാണ്. ഇത് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നവയുമാണ് . ഈ കുറ്റകൃത്യത്തിലൂടെ പ്രതികള്‍ നേടിയ കള്ളപ്പണം കണ്ടെത്തുകയും അത് കണ്ടു കെട്ടുകയും ചെയ്യേണ്ടത് ഇ.ഡിയാണ്. അതേസമയം, രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ പെടുന്നതാണ്. ഇത് സംസ്ഥാനാന്തര സ്വഭാവമുള്ളതിനാല്‍ സിബിഐയും അന്വേഷിക്കാന്‍ എത്തും. എസ് എഫ് ഐ ഒയുടെ കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന കോടതി പൂര്‍ത്തിയാക്കി ഫയലില്‍ ചേര്‍ത്തശേഷം ഇതിന്റെ പകര്‍പ്പ് ഇ.ഡിയും സിബിഐയും കൈപ്പറ്റും.