
വിവരാവകാശ നിയമം പുനഃപരിശോധിക്കാന്‍ സമയമായെന്ന് കേന്ദ്ര സാമ്പത്തിക സര്‍വ്വേ. ഗവണ്മെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തെയും നയരൂപീകരണത്തെയും ബാധിക്കുന്ന രീതിയില്‍ ആഭ്യന്തര ചര്‍ച്ചകളും കരട് രേഖകളും വെളിപ്പെടുത്തുന്നത് ഒഴിവാക്കണമെന്നാണ് സര്‍വ്വേയിലെ പ്രധാന ശുപാര്‍ശ. വ്യാഴാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വ്വേയിലാണ് ഈ നിര്‍ദ്ദേശങ്ങളുള്ളത്.
രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള നിയമം പരിഷ്ക്കരിക്കാന്‍ സമയമായെന്ന് ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ. നയരൂപീകരണ വേളയിലുള്ള ഉദ്യോഗസ്ഥരുടെ ആലോചനകള്‍, കരട് കുറിപ്പുകള്‍ എന്നിവ അന്തിമ തീരുമാനമാകുന്നതുവരെ വെളിപ്പെടുത്തുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ കുറിപ്പുകളും പുറത്തുവരുമെന്ന ഭയം ഉദ്യോഗസ്ഥരുടെ സ്വതന്ത്രമായ തീരുമാനങ്ങളെയും തുറന്ന ചര്‍ച്ചകളെയും ബാധിക്കുന്നു. ഉദ്യോഗസ്ഥര്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് പകരം സുരക്ഷിതമായ പാത തിരഞ്ഞെടുക്കാന്‍ ഇത് കാരണമാകുന്നുണ്ടെന്നും സര്‍വ്വേ നിരീക്ഷിക്കുന്നു. ഉദ്യോഗസ്ഥരുടെ സേവന രേഖകള്‍ , സ്ഥലംമാറ്റങ്ങള്‍, കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ വിവരാവകാശ നിയമപ്രകാരം നിരന്തരം ചോദിക്കുന്നത് ഒഴിവാക്കണം. പൊതുതാല്‍പ്പര്യവുമായി വലിയ ബന്ധമില്ലാത്ത ഇത്തരം അപേക്ഷകള്‍ ഭരണപരമായ ജോലിഭാരം വര്‍ദ്ധിപ്പിക്കുകയാണെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
വിവരാവകാശ നിയമത്തിന്റെ അന്തസ്സത്ത തകര്‍ക്കാനല്ല ഈ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. ഭരണകാര്യങ്ങളെ പുറത്തുനിന്ന് ‘മൈക്രോ മാനേജ്’ ചെയ്യാനോ വെറും കൗതുകത്തിനോ ഉള്ള ഒരു ആയുധമായി വിവരാവകാശ നിയമം മാറരുത്. വിവരാവകാശ നിയമത്തില്‍ വികസിത രാജ്യങ്ങള്‍ പിന്തുടരുന്ന രീതികളും സര്‍വ്വേ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. അമേരിക്ക, ബ്രിട്ടന്, സ്വീഡന് എന്നീ രാജ്യങ്ങളില്‍ ആഭ്യന്തര ചര്‍ച്ചകള്‍ക്കും നയരൂപീകരണ വേളയിലുള്ള രേഖകള്‍ക്കും കൂടുതല്‍ സംരക്ഷണം നല്‍കുന്നുണ്ട് സുതാര്യതയും ഭരണപരമായ രഹസ്യസ്വഭാവവും തമ്മില്‍ കൃത്യമായ ഒരു തുലനാവസ്ഥ ആവശ്യമാണെന്നും എങ്കില്‍ മാത്രമേ വിവരാവകാശ നിയമം അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കുകയുള്ളൂ എന്നും സര്‍വ്വേ വ്യക്തമാക്കുന്നു.