ഗ്രഹണം – വേറിട്ട തിരക്കഥ ശൈലിയിൽ ഒരു സസ്‌പെൻസ് ത്രില്ലർ

Jaihind News Bureau
Thursday, September 10, 2020

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി വേറിട്ട തിരക്കഥ ശൈലിയിൽ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ സസ്‌പെൻസ് ത്രില്ലർ സിനിമയാണ് ഗ്രഹണം. ചിത്രത്തിന്‍റെ ആദ്യ ഗാനം യൂടൂബിൽ തരംഗമായി മാറിക്കഴിഞ്ഞു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ഫഹദ് ഫാസിലാണ് പ്രകാശനം ചെയ്തത്.

ശ്രീനന്ദിയ പ്രൊഡക്ഷൻസിന്‍റെ ബാന്നറിൽ ഒരുങ്ങുന്ന സൈക്കോളജിക്കൽ സസ്‌പെൻസ് ത്രില്ലർ സിനിമ എഴുതി സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകൻ ആനന്ദ് പാഗയാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ പതിവ് ത്രില്ലർ സ്വഭാവത്തിൽ നിന്നും വേറിട്ട തിരക്കഥാ ശൈലിയാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. അതേസമയം ത്രസിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെയും, മനോഹരമായ പാട്ടുകളിലൂടെയും, ലളിതമായ നർമ്മത്തിലൂടെയും, സാന്ദ്രമായ വൈകാരിക സന്ദർഭങ്ങളിലൂടെയും വ്യത്യസ്തവും രസകരവുമായ ഒരു ദൃശ്യാനുഭവമായിരിക്കും ഈ സിനിമയെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

ജിബു ജോർജ്, ദേവിക ശിവൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജയറാം നായർ, സുധീർ കരമന, വിജയ് മേനോൻ എന്നിവർക്കൊപ്പം പ്രമുഖ യൂട്യൂബർമാരായ സൂരജ്, ആൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ് വിമൽ ദേവ് ഛായാഗ്രഹണവും അജ്മൽ സാബു ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ലിങ്കു എബ്രഹാമിനെ വരികൾക്ക് ആനന്ദ് കുമാർ സംഗീതം നൽകിയിരിക്കുന്നു. യുവഗായകൻ കെ.എസ് ഹരിശങ്കർ ആലപിച്ച ‘വെണ്മുകിലായ് ‘ എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ യൂട്യൂബിൽ ഇതിനകം തന്നെ തരംഗമായി കഴിഞ്ഞിട്ടുണ്ട് . സിംഗപ്പൂർ കേന്ദ്രീകരിച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നിട്ടുള്ളത്.