വിവിപാറ്റ് ആദ്യം എണ്ണണം : പ്രതിപക്ഷ ആവശ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഇന്ന്

Jaihind Webdesk
Wednesday, May 22, 2019

തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ സുതാര്യത ആവശ്യപ്പെട്ടുകൊണ്ട് 22 പ്രതിപക്ഷ പാർട്ടി നേതാക്കൾ നൽകിയ നിവേദനത്തിൽ ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം അറിയിക്കും. ഇന്നലെ ഉച്ചയോടുകൂടി ഡൽഹിയിൽ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചേർന്ന യോഗത്തിന് ശേഷമാണ് നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തി നിവേദനം നൽകിയത്.

ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. വിവിപാറ്റില്‍ പൊരുത്തക്കേട് വന്നാല്‍ എല്ലാ വോട്ടുകളും പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ സ്ട്രോങ്ങ് റൂമില്‍ നിന്ന് ഇവിഎം കൊണ്ടുപോകാനുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം എസ്‍ പി – ബിഎസ്‍ പി സഖ്യ സ്ഥാനാര്‍ഥി തടഞ്ഞിരുന്നു. ഇതിന് പിന്നാലെ യുപിയിലെ മറ്റ് മണ്ഡലങ്ങളിലും ഹരിയാനയിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നീക്കമെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കി. തുടര്‍ന്നാണ് ഇവിഎം ക്രമക്കേട് മുഖ്യ വിഷയമാക്കാന്‍ ദില്ലിയില്‍ ചേര്‍ന്ന 22 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം തീരുമാനിച്ചതും കമ്മീഷനെ കണ്ടതും. ഇവിഎം സുരക്ഷയില്‍ പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്ക അറിയിക്കുകയും ചെയ്തു.

വോട്ടു വ്യത്യാസമുണ്ടായാല്‍ കമ്മീഷന്‍ സ്വീകരിക്കുന്ന നടപടി അറിയിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം തെരഞ്ഞടുപ്പ് കമ്മീഷന്‍ നിരാകരിച്ചാല്‍ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്നുണ്ട്. ഇവിഎം ക്രമക്കേട് ശ്രദ്ധയില്‍ പെട്ടാല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.