സ്ട്രോംഗ് റൂമിലെ ക്യാമറ ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന് അധികൃതരും

Jaihind Webdesk
Monday, December 3, 2018

EVM-Machines-BJP

മധ്യപ്രദേശിലെ ഭോപ്പാലില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിലെ ക്യാമറ ഒരു മണിക്കൂര്‍ നേരം പ്രവര്‍ത്തന രഹിതമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് അധികാരികളും സമ്മതിക്കുന്നു. വോട്ടിംഗ് മെഷീനുകളില്‍ അട്ടിമറി നടന്നിട്ടില്ലെന്ന് ഉറപ്പ് പറയുമ്പോഴും ക്യാമറ പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും ചില പാകപ്പിഴകള്‍ ഉണ്ടായെന്നും അധികൃതര്‍ സമ്മതിക്കുന്നു.

വെള്ളിയാഴ്ചയാണ് അപ്രഖ്യാപിത പവര്‍കട്ടിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായത്. ഇതേത്തുടര്‍ന്ന് വോട്ടിംഗ് മെഷീനുകളില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വോട്ടിഗ് യന്ത്രങ്ങള്‍ രണ്ട് ദിവസത്തോളം കൈവശം വച്ചശേഷം കൈമാറിയ സംഭവവും വിവാദമായിരുന്നു.

എന്നാല്‍ ഇക്കാര്യത്തിലും നടപടി സ്വീകരിച്ചുവെന്നും ഇതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥന്‍റെ പേരില്‍ നടപടി സ്വീകരിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

വൈദ്യുതി മുടങ്ങിയതിനാല്‍ സ്ട്രോംഗ് റൂമിന് മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടി ക്യാമറകളും ഒരു LED സ്ക്രീനും രാവിലെ 8.19 മുതല്‍ 9.35 വരെ പ്രവര്‍ത്തിച്ചില്ലെന്ന് ഭോപ്പാല്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതിനാല്‍ ഈ സമയം റെക്കോഡിംഗ് ഉണ്ടായിരുന്നില്ല. മേലില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഒരു അഡീഷണല്‍ എല്‍ഇഡി സ്ക്രീനും ഇന്‍വേര്‍ട്ടറും ഒരു ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.

വോട്ടിംഗ് മെഷീനുകളിലെ അട്ടിമറി ഉന്നയിച്ച് കോണ്‍ഗ്രസ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയും കോണ്‍ഗ്രസ് ശക്തമായി ഉന്നയിച്ചിരുന്നു.