സർക്കാരിന്‍റെ ഇ-മൊബിലിറ്റി പദ്ധതി പുതിയ വിവാദത്തിൽ

Jaihind News Bureau
Wednesday, July 22, 2020

സർക്കാരിന്‍റെ ഇ-മൊബിലിറ്റി പദ്ധതി പുതിയ വിവാദത്തിൽ. ടെൻഡർ നടപടികൾ ആരംഭിക്കുന്നതിന് മുമ്പേ, സർക്കാരും, കൺസൾട്ടൻസി കമ്പനിയുമായുള്ള മീറ്റിങ്ങിൽ ഹെസ് കമ്പനിയുടെ പ്രതിനിധികൾ എങ്ങനെ പങ്കെടുത്തു എന്നതാണ് പുതിയ വിവാദം. കൺസൾട്ടൻസി കമ്പനിയായ പി. ഡബ്ല്യു.സി ടെൻഡർ ക്ഷണിക്കുന്നതിന് മുമ്പുതന്നെ, ഹെസ്സ് കമ്പനിക്ക് കരാർ നൽകാൻ തീരുമാനമെടുത്തിരുന്നു എന്ന് വ്യക്തമായെന്ന് വി ഡി സതീശൻ എംഎൽഎ ചൂണ്ടിക്കാട്ടി.

3000 ഇലക്ട്രിക് ബസുകൾ ഒന്നര കോടി രൂപക്ക് നിർമ്മിക്കാൻ സർക്കാർ ഹെസ്സ് എന്ന സ്വിസ്സ് കമ്പനിയുമായി ധാരണയുണ്ടാക്കിയ ഇ- മൊബിലിറ്റി ഇടപാടാണ് പുതിയ വിവാദത്തിലായിരിക്കുന്നത്. നേരത്തെ ധനകാര്യ വകുപ്പും – ചീഫ് സെക്രട്ടറിയും ഇ മൊബിലിറ്റി ഇടപാടിനെതിരെ തിരിഞ്ഞതോടെ, ടെൻഡർ ഇല്ലാതെ കൺസൾട്ടൻസിയെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കുപ്രസിദ്ധരായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് കൺസൾട്ടൻസി നൽകി. പിഡബ്ല്യുസി-യാണ് DPR തയ്യാറാക്കുമ്പോൾ ടെൻഡർ നടപടികൾ ഉൾപ്പടെയുള്ളവ തീരുമാനിക്കേണ്ടത്. എന്നാൽ ടെൻഡറില്ലാതെ കൊടുക്കാൻ സർക്കാർ തീരുമാനിച്ച ഹെസ്സ് എന്ന സ്വിസ്സ് കമ്പനിയുടെ പ്രതിനിധികൾ എങ്ങനെ കൺസൾട്ടൻസിയും- സർക്കാരും തമ്മിലുള്ള മീറ്റിങ്ങിൽ പങ്കെടുത്തു എന്ന ചോദ്യം ഉയരുകയാണ്. ഹെസ്സിന് കരാർ നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നതായി വി.ഡി സതീശൻ എംഎല്‍എ പറഞ്ഞു.

മാത്രമല്ല ഇതുസമ്പന്ധിച്ച് ട്രാൻസ്പോർട്ട് സെക്രട്ടറി ജ്യോതിലാൽ ഐഎഎസ് വിളിച്ച യോഗത്തിൽ കമ്പനി പ്രതിനിധികൾക്ക് പുറമെ റെജി ലൂക്കോസ് എന്ന വ്യക്തി എങ്ങനെ പങ്കെടുത്തു എന്ന ചോദ്യവും ഉയരുന്നു. ഇ മൊബിലിറ്റി ഇടപാടിന്‍റെ ഇടനിലക്കാരനാണോ ഇയാൾ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

https://www.facebook.com/JaihindNewsChannel/videos/578272339721597/