ഇ പോസ് തകരാർ; സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി

Jaihind Webdesk
Friday, June 2, 2023

 

തിരുവനന്തപുരം: ജനത്തെ ദുരിതത്തിലാക്കി സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും നിർത്തി വെച്ചു. ഇ പോസ് (ഇലക്ട്രോണിക് പോയിന്‍റ് ഓഫ് സെയിൽ) തകരാർ മൂലമാണ് വിതരണം തടസപ്പെട്ടത്. പുതിയ ബില്ലിംഗ് രീതികൾ വന്നപ്പോഴാണ് ഇത്തരത്തിൽ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. പ്രശ്‌നത്തിൽ അടിയന്തര പരിഹാരം വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

സോഫ്റ്റ്‌വെയർ അപ്‍‍ഡേറ്റിന്‍റെ ഭാഗമായി ഉണ്ടായ സാങ്കേതികത്തകരാറിനെ തുടർന്നാണ് റേഷൻ വിതരണം നിർത്തിവെച്ചത്. നാളെ മുതൽ മാത്രമേ റേഷന്‍ വിതരണം പുനരാരംഭിക്കൂ. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചിരുന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് സോഫ്റ്റ്‌വെയർ അപ്ഡേറ്റിന്‍റെ പേരില്‍ റേഷൻ വിതരണം നിർത്തിവെക്കുന്നത്.

റേഷൻ കാർഡ് ഉടമയുടെ ബയോ മെട്രിക് വിവരങ്ങൾ ശേഖരിക്കുമ്പോൾ ആധാർ വിവരങ്ങള്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെടുക, വിവരങ്ങൾ എൻട്രി ചെയ്യുമ്പോൾ തുടർപ്രവർത്തനങ്ങൾ നടക്കാതെ ആദ്യ സ്‌ക്രീനിലേക്ക് മടങ്ങുക തുടങ്ങിയ തകരാറുകള്‍ കാരണം കഴിഞ്ഞ ആഴ്ചകളിലും റേഷന്‍ വിതരണം തടസപ്പെട്ടിരുന്നു. തുടർച്ചയായി ഇ പോസ് സംവിധാനത്തിലെ തകരാര്‍ കാരണം റേഷന്‍ വാങ്ങാനാകാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലാകുന്ന അവസ്ഥയാണുള്ളത്.