‘സെക്രട്ടേറിയറ്റില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ഓഫീസ് തുറക്കുന്നു,  ധനവകുപ്പിന്‍റെ അംഗീകാരം’;  ഇ-ബസ് അഴിമതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തല| VIDEO

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായ ഇ-ബസ് അഴിമതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് സെക്രട്ടേറിയേറ്റില്‍ ഓഫീസ് തുറക്കുന്നു. നടപടി ധനവകുപ്പ് അംഗീകരിച്ചു. ഗതാഗത വകുപ്പ് മന്ത്രി ഫയലില്‍ ഒപ്പിട്ടാല്‍ നടപ്പാകും. പ്രതിമാസം മൂന്നുലക്ഷത്തിലധികം രൂപ ശമ്പളം നല്‍കി പിഡബ്ലുസി ജീവനക്കാരെ നിയമിക്കുന്നുവെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചീഫ് സെക്രട്ടറിയെക്കാൾ ഉയർന്ന ശമ്പളം നൽകി എന്തിനാണ് ഈ ഉദ്യോഗസ്ഥരെ നിയമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേസുകളിൽ ഉള്‍പ്പെട്ട കമ്പനിക്ക് സെക്രട്ടറിയേറ്റിൽ ഓഫീസ് തുറക്കാൻ അനുമതി നൽകിയത് ശരിയായ നടപടിയല്ല. ദേശീയ പതാകയോടൊപ്പം പി.ഡബ്ല്യു.സി കമ്പനിയുടെ ലോഗോ പോലും ചേർക്കാനുള്ള തരത്തിലാണ് നടപടികൾ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സെക്രട്ടറിയേറ്റിനു മുകളിൽ അന്താരാഷ്ട്ര കമ്പനികൾ രാകിപ്പറക്കുകയാണ്.

ഇ–മൊബിലിറ്റി ഫയലില്‍ ചീഫ് സെക്രട്ടറി എഴുതിയതെന്തെന്ന് മുഖ്യമന്ത്രി പറയണം. പി.ഡബ്ല്യു.സിയ്ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത് മന്ത്രിസഭയുടെ അംഗീകാരമില്ലാതെയാണ്. നടപടിക്രമങ്ങള്‍ പാലിക്കാത്തതിന് മുഖ്യമന്ത്രി വിശദീകരണം നല്‍കുന്നില്ല. ശാസ്ത്രീമായി അഴിമതി നടത്തുകയും തന്മയത്വത്തോടെ മൂടിവയ്ക്കുകയും ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നാടുമുഴുവൻ കടുംവെട്ട് നടത്തുകയാണ് സർക്കാർ. വിദേശ നിക്ഷേപങ്ങൾ തടഞ്ഞതിന്‍റെ  പാപഭാരം ഇടതു മുന്നണിക്കാണ് ചേരുന്നത്. വിദേശ നിക്ഷേപങ്ങൾക്ക് യു ഡി എഫ് എതിരല്ല. എന്നാൽ ഇടപാടുകൾ സുതാര്യമാകണം. പിഡബ്ലൂസിക്ക് ഓഫീസ് തുടങ്ങാനുള്ള നീക്കം ഗതാഗതമന്ത്രി തടയണം. കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയത് മുഖ്യമന്ത്രിയുടെ പാർട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

https://www.facebook.com/JaihindNewsChannel/videos/344514066551031

 

Comments (0)
Add Comment