ന്യൂഡല്‍ഹി: 20 ശതമാനം എത്തനോള്‍ കലര്‍ത്തിയ പെട്രോള്‍ (E20) പുറത്തിറക്കാനുള്ള കേന്ദ്ര നയത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. എത്തനോള്‍ രഹിത ഇന്ധനം വാങ്ങാനുള്ള ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാതെ E20 നടപ്പാക്കുന്നതിനെതിരെ ഒരു അഭിഭാഷകന്‍ ഫയല്‍ ചെയ്ത ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
E20 ഇന്ധനം കരിമ്പ് കര്‍ഷകര്‍ക്ക് പ്രയോജനകരമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം അറ്റോര്‍ണി ജനറല്‍ മുന്നോട്ടുവച്ചതിനെത്തുടര്‍ന്നാണ് അഭിഭാഷകന്‍ അക്ഷയ് മല്‍ഹോത്ര സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചത്. പെട്രോളിയം കമ്പനികള്‍ എത്തനോള്‍ രഹിത പെട്രോള്‍ (E0) വിപണിയില്‍ ലഭ്യമാക്കുന്നത് തുടരണമെന്നും, വില്‍ക്കുന്ന പെട്രോള്‍ E20 ആണെന്ന് വ്യക്തമായി രേഖപ്പെടുത്തുന്നതിന് ഇന്ധന പമ്പുകളില്‍ ശരിയായ ലേബലിംഗ് നിര്‍ബന്ധമാക്കണമെന്നും മല്‍ഹോത്ര തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ഹര്‍ജിയെ ശക്തമായി എതിര്‍ക്കുകയും ഇതിന് പിന്നില്‍ ഒരു ലോബിയുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ‘നിര്‍ദ്ദേശത്തിന് മുമ്പ് സര്‍ക്കാര്‍ എല്ലാം പരിഗണിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.