കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയുടെ പേര് പറയുന്നതിനായി മോൻസൺ മാവുങ്കലിനെ ഭീഷണിപ്പെടുത്തിയ ഡിവൈഎസ്പി റസ്തം സിപിഎമ്മിന് വേണ്ടപ്പെട്ട വ്യക്തി. മോശം ട്രാക്ക് റെക്കോർഡുള്ള ഇയാൾ സിപിഎം ബന്ധം ഉപയോഗിച്ചാണ് ഡിപ്പാർട്ട്മെന്റിൽ തന്റെ അപ്രമാദിത്വം ഉറപ്പിക്കുന്നത്. കൊല്ലം മടത്തറ സ്വദേശിയായ ഈ ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികളുണ്ട്. കോളേജ് പഠനകാലത്ത് ഇയാള്‍ എസ്എഫ്ഐയുടെ യൂണിയന് ചെയർമാനായിരുന്നു.
പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ അടക്കം റസ്തം ഇടതുപക്ഷത്തിന് വേണ്ടി നിയമവിരുദ്ധമായി ഇടപെട്ടിരുന്നതായി ആരോപണമുണ്ട്. വർഷങ്ങൾക്ക് മുമ്പ് മലപ്പുറത്ത് വെച്ച് നാട്ടുകാർ ഇയാളെ കയ്യേറ്റം ചെയ്യുന്ന സ്ഥിതിയുമുണ്ടായി. കാലങ്ങളായി സിപിഎമ്മിന് വേണ്ടി വിടുപണി ചെയ്യുന്നതാണ് പോലീസിലെ ഈ ഉദ്യോഗസ്ഥന്റെ ചരിത്രമെന്ന് യുഡിഎഫ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ ചിതറ മുരളി പറയുന്നു.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാക്കിയപ്പോഴാണ് ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തിയെന്ന ഗുരുതര വെളിപ്പെടുത്തല്‍ മോണ്സണ് മാവുങ്കല്‍ നടത്തിയത്. പോക്സോ കേസില്‍ വിധി വന്നതിന് പിന്നാലെ കോടതിയില്‍നിന്ന് കൊണ്ടു പോകും വഴി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിന് സമീപമുള്ള പെട്രോള്‍ പമ്പിന് അടുത്തായി വാഹനം നിര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി. വഞ്ചനാ കേസില്‍ സുധാകരന് 25 ലക്ഷം രൂപ വാങ്ങിയെന്ന് മൊഴി നല്കാന് ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന് അടുത്തുണ്ടായിരുന്നെന്ന് മൊഴി നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയതായും മോന്സണ് കോടതിയില്‍ വെളിപ്പെടുത്തി. മോന്‍സന്റെ അഭിഭാഷകനാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.