ജയിലില്‍ കിടക്കുന്ന സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഡിവൈഎഫ്‌ഐയുടെ ‘വോട്ട് അഭ്യര്‍ത്ഥന’; പയ്യന്നൂരില്‍ പ്രചാരണം

Jaihind News Bureau
Thursday, November 27, 2025

കണ്ണൂര്‍ പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ വധശ്രമക്കേസില്‍ ജയിലിലായ പ്രതിക്കായി പ്രചാരണം ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ. പയ്യന്നൂരില്‍ പൊലീസിനെ ബോംബറിഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി.കെ നിഷാദിനായാണ് ഡിവൈഎഫ്‌ഐ പ്രചാരണം ഏറ്റെടുത്തത്.

ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വി.കെ നിഷാദിനായി പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡില്‍ പ്രചാരണം തുടങ്ങിയത്. കേസില്‍ തളിപ്പറമ്പ് കോടതി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വികെ നിഷാദിനെയും ടിസിവി നന്ദകുമാറിനെയും 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.സ്ഥാനാര്‍ത്ഥി ജയിലില്‍ ആയതോടെ വികെ നിഷാദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഡി വൈ എഫ് ഐ ഏറ്റെടുക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സിറാജ്, പി പി അനീഷ് തുടങ്ങിയവര്‍ നിഷാദിന് വേണ്ടി പ്രചാരണം നടത്താനായി പയ്യന്നൂരിലെത്തി. അവര്‍ക്കൊപ്പം പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ ഡിവൈഎഫ്‌ഐ- സി പി എം പ്രവര്‍ത്തകരും അണിചേര്‍ന്നു.

പ്രതികള്‍ക്ക് കോടതി പരിസരത്ത് സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ നല്‍കിയ ജയിലിലേക്കുള്ള യാത്രയയപ്പില്‍ വിമര്‍ശനം ശക്തമാവുകയാണ്. അതേ സമയം 46ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വികെ നിഷാദ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജനപ്രതിനിധിയായി തുടരാനാവില്ല.