സ്കൂൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കണ്ണൂരിൽ ഡിവൈഎഫ്ഐ അക്രമം; ഏകപക്ഷീയമായ പോലീസ് നടപടി, പ്രതിഷേധിച്ച് യുഡിഎസ്എഫ്

Jaihind Webdesk
Friday, August 16, 2024

 

കണ്ണൂര്‍: സ്കൂൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാനൂരിൽ ഡിവൈഎഫ്ഐ അക്രമം. പിആർഎം കൊളവല്ലൂർ ഹയർ സെക്കന്‍ററി സ്കൂൾ, കെ.കെ.വി ഹയർ സെക്കന്‍ററി സ്കൂൾ എന്നിവിടങ്ങളിൽ യുഡിഎസ്എഫ് സാരഥികൾ വിജയിച്ചതിൽ വിറളിപൂണ്ട ഡിവൈഎഫ്ഐ ഭീകര അക്രമം അഴിച്ചു വിടുകയായിരുന്നു. വിജയഹ്ലാദ പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോയ പ്രവർത്തകരെ  ഡിവൈഎഫ്ഐ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മൂന്ന് യുഡിഎസ്എഫ് പ്രവർത്തകരെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഏകപക്ഷീയമായ പോലീസ് നടപടിയിലും ഡിവൈഎഫ്ഐ അക്രമത്തിലും യുഡിഎസ്എഫ് പ്രവർത്തകർ റോഡുപരോധിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ പോലീസ് നേതാക്കളെ വളഞ്ഞിട്ട് തല്ലുകയും റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ്, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ എന്നിവരുൾപ്പെടെയുള്ള യുഡിഎസ്എഫ് നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോൺഗ്രസ് നേതാക്കളായ പാളയത്ത് ശശി, നാവത്ത് ബിജു ഉൾപ്പടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കും മർദ്ദനമേറ്റു. ജില്ലയിൽ രാഷ്ട്രീയ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 52 സ്കൂളുകളിൽ 31 സ്കൂളുകളിൽ  കെഎസ്‌യു മുന്നണി വിജയം നേടി.