കണ്ണൂര്‍: ഷുഹൈബ് വധ കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് പൊതുവേദിയിൽ ട്രോഫി സമ്മാനിച്ച് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജിർ. കണ്ണൂർ തില്ലങ്കേരിയിൽ നടന്ന പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഭാഗമായാണ് ട്രോഫി നൽകിയത്. കരിപ്പൂർ സ്വർണക്കടത്ത് കേസിന് പിന്നാലെ ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ ക്യാമ്പയിൻ നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവനാണെന്ന് സിപിഎം തന്നെ ഇയാളെ വിശേഷിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമ യുദ്ധത്തിന്‍റെ പേരിൽ ഡി.വൈ.എഫ്.ഐ പോലീസിൽ പരാതിയും നൽകിയിരുന്നു.
തില്ലങ്കേരി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ചാംപ്യന്‍മാരായ സി.കെ ജി വഞ്ചേരിയുടെ ട്രോഫിയാണ് ഡി.വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റിയംഗം ഷാജറില്‍ നിന്നും സ്വര്‍ണക്കടത്ത് കേസിലെ വിവാദനായകനായ ആകാശ് തില്ലങ്കേരിയും ഷാന്‍ ബാവയും ഏറ്റുവാങ്ങിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെയും ക്വട്ടേഷന്‍ സംഘത്തിന് നേതൃത്വം നല്‍കുന്ന ആകാശ് തില്ലങ്കേരിക്കെതിരെയും ഡി.വൈ. എഫ്. ഐയുടെ നേതൃത്വത്തില്‍ പദയാത്രകളും ബോധവല്‍ക്കരണപരിപാടികളും നടത്തിയിരുന്നു.
എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ടതിനെ കുറിച്ചു കേന്ദ്രകമ്മിറ്റിയംഗമായ എം. ഷാജര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിന്നീട് പറയാമെന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
പി.ജയരാജനെതിരെ ഇ.പി ജയരാജനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തിയിട്ടുള്ള സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ ബന്ധങ്ങളെ കുറിച്ചുള്ള ആരോപണങ്ങള്‍ ഇപ്പോള്‍ കത്തി നില്‍ക്കവെയാണ് ആകാശ് തില്ലങ്കേരി ഡി.വൈ. എഫ്. ഐ ഉന്നത നേതാവില്‍ നിന്നും ട്രോഫി വാങ്ങുന്ന ചിത്രവും പ്രചരിക്കുന്നത്. വരുംദിവസങ്ങളില്‍ ഇതു സി.പി. എമ്മില്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. പാര്‍ട്ടി കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം കൂടിയായ ഷാജറില്‍ നിന്നും ഇക്കാര്യത്തില്‍ സി.പി. എം നേതൃത്വം വിശദീകരണം തേടിയേക്കും.