യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനെതിരായ വധശ്രമം; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

Jaihind News Bureau
Thursday, April 30, 2020

ഭരണിക്കാവില്‍  യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈൽ ഹസനെതിരായ വധശ്രമത്തില്‍ ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ. ഇലിപ്പക്കുളം സ്വദേശി നാദിം സുനിലാണ് അറസ്റ്റിലായത്.  സംഭവത്തിന് ശേഷം ബന്ധുവീട്ടിൽ ഒളിവിലായിരുന്ന പ്രതിയെ രഹസ്യവിവരത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  നേരത്തെ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ സതീഷും ഹാഷിമും തിരുവനന്തപുരം സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞെന്നും തെരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

അതേസമയം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൈൽ ഹസൻ ആശുപത്രി വിടാനുള്ള തീരുമാനം കൊവിഡ് വ്യാപനത്തെ തുടർന്ന് നീട്ടി. വീട്ടിലെ വിശ്രമത്തിൽ സന്ദർശകർ അധികമായി എത്തുമെന്നുള്ളതിനെ തുടർന്നാണ് തീരുമാനം നീട്ടിയത്. കഴിഞ്ഞ 21 ന് രാത്രിയാണ് സുഹൈലിന് വെട്ടേറ്റത്. പ്രതികൾക്കെതിരെ നിയമ നടപടി വേണമെന്ന് സുഹൈൽ പൊലീസിൽ മൊഴി നൽകിയിരുന്നു.