ദുബായ്: ദെയ്റയിലെ അൽറാസ് മേഖലയിലേക്ക് ഇന്ന് മുതൽ ( മാർച്ച് 31 ) രണ്ടാഴ്ച പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഈ മേഖലയിൽ താമസിക്കുന്നവർക്ക് അവശ്യ സാധനങ്ങൾ ദുബായ് ഹെൽത്ത് അതോറിറ്റി എത്തിച്ച് നൽകും. മറ്റിടങ്ങളിലുള്ളവർക്ക് ഇങ്ങോട്ട് പ്രവേശനമുണ്ടാവില്ല. ഇവിടെയുള്ള മെട്രോ സ്റ്റേഷനുകളായ അൽറാസ്, പാം ദെയ്റ , ബനിയാസ് സ്ക്വയർ മെട്രോ സ്റ്റേഷനുകളും രണ്ടാഴ്ച അടച്ചിടുമെന്ന് ആർ ടി എ അറിയിച്ചു.
മേഖലയിലേക്കുള്ള റോഡുകളും സിഗ്നലുകളും ഇന്ന് മുതൽ തൽക്കാലം അടക്കും. അൽറാസിലും പരിസരത്തും അണുനശികരണ പ്രവർത്തനം ഊർജിതമാക്കാനാണ് നടപടിയെന്ന് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. ഈസ്റ്റേഷനുകളിൽ നിർത്താതെ മെട്രോ ട്രെയിനുകൾ സർവീസ് നടത്തും. ദെയ്റ ഗോൾഡ് സൂഖ്, ഒാൾഡ് സൂഖ്, മ്യൂസിയങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന പ്രദേശമാണ് അൽ റാസ് മേഖല.