തിരുവനന്തപുരത്ത് റിസോർട്ടില്‍ ലഹരി പാർട്ടി; മൂന്ന് പേർ അറസ്റ്റില്‍, സ്ത്രീകള്‍ ഉള്‍പ്പെടെ 20 പേർ കസ്റ്റഡിയില്‍

Jaihind Webdesk
Sunday, December 5, 2021

തിരുവനന്തപുരത്ത് ലഹരി പാർട്ടി. വിഴിഞ്ഞത്തെ റിസോർട്ടിൽ നടന്ന എക്സൈസ് പരിശോധനയിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ തുടങ്ങിയ നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും 20 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തിരുവനന്തപുരം വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരക്കാട് റിസോർട്ടിൽ നടന്ന പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി സ്ത്രീകൾ ഉൾപ്പെടെ 20 പേരെ എക്സൈസ് എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ എടുക്കുന്നത്. രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് റിസോർട്ടിൽ എത്തിയത്. എക്സൈസ് എൻഫോഴ്സ്മെന്‍റ് സംഘം നടത്തിയ പരിശോധനയിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള വീര്യം കൂടിയ ലഹരിവസ്തുക്കൾ അടക്കം പിടിച്ചെടുത്തു.

കഴിഞ്ഞദിവസം ആരംഭിച്ച ഡിജെ പാർട്ടി എക്സൈസ് സംഘം എത്തുമ്പോഴും തുടരുകയായിരുന്നു. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് പാർട്ടി സംഘടിപ്പിച്ചത്. ഒരാൾക്ക് പ്രവേശിക്കാൻ ആയിരം രൂപയായിരുന്നു ഫീസ്. സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവർ ഉൾപ്പെടെ പാർട്ടിയിൽ പങ്കെടുത്തു. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഡിജെ പാർട്ടി സംഘടിപ്പിച്ച ആര്യനാട് സ്വദേശി അക്ഷയ് മോഹനനേയും സഹായി പീറ്റർ ഷാനെയും ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. അക്ഷയ് മോഹൻ മുമ്പും കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ട്. ബാംഗ്ലൂരിൽ അടക്കം സിറ്റികൾ കേന്ദ്രീകരിച്ച് ഡിജെ പാർട്ടികൾ നടത്തുന്ന സംഘം വാട്സാപ്പ് ഇൻസ്റ്റഗ്രാം കൂട്ടായ്മ വഴിയാണ് പാർട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചത്.

അതേസമയം പൂവാർ ഐലൻഡിൽ ഉള്ള റിസോർട്ടിൽ ബോട്ടിൽ മാത്രമേ എത്താൻ കഴിയൂ. പാർട്ടിയിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേകം ബോട്ട് സൗകര്യവും ഒരുക്കിയിരുന്നു. അതുകൊണ്ടുതന്നെ റിസോർട്ട് ഉടമയും സംശയത്തിന്‍റെ നിഴലിലാണ്. കസ്റ്റഡിയിൽ ആയവർ എല്ലാം തന്നെ ലഹരി മയക്കത്തിൽ ആയതിനാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.