‘വിമുക്തി’ വഴിയാധാരം: വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം ഉയരുന്നു. ഉത്തരം മുട്ടി എക്‌സൈസ്. ബ്രൂവറികള്‍ നാടാകെ തുടങ്ങാന്‍ മന്ത്രി

Jaihind Webdesk
Thursday, December 20, 2018

ലഹരി വ്യാപനം തടയാനുള്ള ഇടതു സര്‍ക്കാരിന്റെ പദ്ധതിയായ വിമുക്തി വഴിയാധാരമായതോടെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ ലഹരി ഉപയോഗത്തില്‍ വന്‍വര്‍ധന. സംസ്ഥാനത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ത്ഥികള്‍ അകപ്പെട്ടുവെന്നതിന്റെ കൃത്യമായ കണക്കുകളാണ് നിലവില്‍ പുറത്തു വന്നിട്ടുള്ളത്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോണ്‍ബോസ്‌കോ സൊസൈറ്റി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. സ്‌കൂള്‍ കുട്ടികളില്‍ 28.7 ശതമാനം പേരും ഒരിക്കലെങ്കിലും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സര്‍വ്വേയിലെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ കൃത്യമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.

39.3 ശതമാനം വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ളവ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് 16 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരാണെന്നും തെളിഞ്ഞതോടെയാണ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ പ്രവര്‍ത്തനം സജീവമാണെന്ന വിലയിരുത്തല്‍ പുറത്തു വരുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതി കലാലയങ്ങള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ലഹരി തുടച്ചു മാറ്റുന്നതില്‍ വ്യാപൃതമായിരുന്നു. സ്‌കൂ)ളുകളില്‍ നിന്നും ലഹരിക്കടിമപ്പെടുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ കൗണ്‍സിലിംഗിലൂടെ തിരിച്ച് ജീവിതത്തിലേക്ക് എത്തിച്ച നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനു പുറമേ സ്‌കുളുകളിലെ ലഹരി വിതരണത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നു തന്നെ ശേഖരിച്ച് പൊലീസിനു കൈമാറാനും കൃത്യമായി നടപടിയെടുഒക്കാനും ഈ പദ്ധതിയിലുടെ കഴിഞ്ഞ ഭരണസമയത്ത് സാധ്യമായിരുന്നു. എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതോടെ നിര്‍വീര്യമായ ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിക്ക് പകരമൊരെണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫലപ്രദമായി നടപ്പാക്കാനും എക്‌സൈസ് വകുപ്പിനും സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല.

ലഹരിക്കായി പെട്രോള്‍ പോലും ഉപയോഗിക്കുന്ന കുട്ടികള്‍ കേരളത്തിലുണ്ടെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. വൈറ്റ്നര്‍ ഉള്‍പ്പെടെയുള്ളവ മണപ്പിച്ച് ലഹരി കണ്ടെത്തുന്നവര്‍ അഞ്ച് ശതമാനത്തിന് മുകളിലാണ്. 33 ശതമാനം വിദ്യാര്‍ഥികളും മുതിര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവരില്‍ നിന്നാണ് ലഹരിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചെടുത്തതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. മാജിക്ക് മഷ്‌റൂം പോലെയുള്ള അതീവമാരകമായ ലഹരി വസ്തുക്കള്‍ സ്‌കൂളുകളില്‍ ലഭ്യമാകുന്നതെങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. സ്‌കൂളുകള്‍ക്ക് സമീപം ഇവയെല്ലാം എളുപ്പത്തില്‍ കിട്ടുമെന്ന വിദ്യാര്‍ത്ഥികളുടെ തന്നെ വെളിപ്പെടുത്തലുകള്‍ എക്‌സൈസ് വകുപ്പിന്റെ പിടിപ്പുകേടാണ് ഉയര്‍ത്തിക്കാട്ടുന്നത്. സ്‌കൂളുകളില്‍ നിന്നു തുടങ്ങുന്ന ലഹരി ഉപഭോഗശീലത്തിനെതിരെ ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയാത്ത എക്‌സൈസ് വകുപ്പും മന്ത്രിയും നാടാകെ ബ്രൂവറികള്‍ തുടങ്ങാനുള്ള നെട്ടോട്ടത്തിലാണെന്ന കാര്യവും വിസ്മരിക്കാനാവില്ല. സംസ്ഥാനത്തെ പൊതുസമൂഹത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ പോലും ലഹരി മാഫിയയ്ക്ക് വിട്ടുകൊടുത്ത് കൈയ്യും കെട്ടിയിരിക്കുന്ന സര്‍ക്കാരിന്റെ അപക്വമായ നയനിലപാടുകള്‍ക്ക് നേരെയുള്ള ചൂണ്ടുപലകയായി റിപ്പോര്‍ട്ട് മാറിയിട്ടുണ്ട്.