ഷൂട്ടിംഗ് പരീശിലകനും, ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു രാവിലെ ആയിരുന്നു അന്ത്യം. 19 വര്‍ഷം ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു പ്രൊഫ. സണ്ണി തോമസ്. അഭിനവ് ബിന്ദ്ര ഉള്‍പ്പെടെയുള്ള ഒളിംപിക്സ് ജേതാക്കളുടെ പരിശീലകനായിരുന്നു അന്തരിച്ച സണ്ണി തോമസ്.
ബുധനാഴ്ച രാവിലെ ഉഴവൂരില്‍ വീട്ടില്‍ വെച്ച് ദേഹാസ്വസ്ഥതയെ തുടര്‍ന്ന് പ്രൊഫസര്‍ സണ്ണി തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ രാവിലെ 9 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഷൂട്ടിങ് പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമാണ് പ്രൊഫ. സണ്ണി തോമസ്. 19 വര്‍ഷം ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന സണ്ണി തോമസ് ഒളിമ്പിക് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെയും പരിശീലകനായിരുന്നു. ഷൂട്ടിംഗില്‍ അഞ്ചുതവണ സംസ്ഥാന ചാമ്പ്യനും, 1976ല്‍ ദേശീയ ചാമ്പ്യനും ആയിരുന്നു സണ്ണി തോമസ്.
2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ വിജയകുമാര്‍ വെള്ളിയും ഗഗന് നാരംഗ് വെങ്കലവും നേടിയപ്പോഴും സണ്ണി തോമസ് ആയിരുന്നു പരിശീലകന്. മുന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയായ സണ്ണി തോമസിന്റെ പരിശീലനത്തില്‍ ഇന്ത്യ നൂറിലേറെ അന്താരാഷ്ട്ര മെഡലുകള്‍ നേടിയിട്ടുണ്ട്. റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യനുമാണ് സണ്ണി തോമസ്.
കോട്ടയം തിടനാട് മേക്കാട്ട് കെ.കെ. തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബര്‍ 26നായിരുന്നു സണ്ണി തോമസിന്റെ ജനനം. 1964-ല്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ 26-ാം വയസില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലും പഠിപ്പിച്ചിട്ടുണ്ട്. വിരമിച്ച ശേഷം മുഴുവന്‍ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നല്കി രാജ്യം ആദരിച്ചത്.. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് റിട്ട. പ്രഫസര്‍ ജോസമ്മ സണ്ണിയാണ് ഭാര്യ. മനോജ്, സനില്‍, സോണിയ എന്നിവരാണ് മക്കള്‍.
സണ്ണി തോമസിന്റെ മൃതദേഹം ഉഴവൂരിലെ വീട്ടിലെത്തിച്ചു.നാളെ വീട്ടിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം കൊച്ചിയിലേക്ക് മൃതദേഹം കൊണ്ടുപോകും.. സംസ്കാര ചടങ്ങുകള്‍ നാളെ കൊച്ചി തേവയ്ക്കല്‍ സെന്റ് മാര്ട്ടിന് ഡി പോറസ് പള്ളിയില്‍ നടക്കും.