തിരുവനന്തപുരം നഗരത്തില്‍ ഇന്നും കുടിവെള്ള വിതരണം മുടങ്ങും

തിരുവനന്തപുരം നഗരത്തില്‍ ഇന്നും കുടിവെള്ള വിതരണം മുടങ്ങും. അരുവിക്കരയിലെ പമ്പ് സെറ്റുകള്‍ നവീകരിക്കുന്നതിന്‍റെ ഭാഗമായാണ് കുടിവെള്ള വിതരണം തടസപ്പെട്ടത്. നഗരസഭയിലെ 57 വാര്‍ഡുകളില്‍ കുടിവെള്ള വിതരണത്തിനായി കൂടുതല്‍ ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അരുവിക്കരയില്‍ നിന്ന് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. എല്ലാവരും വെള്ളം കരുതണമെന്നും കരുതലോടെ ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റൂമുകളില്‍ വിളിക്കണം. മെഡിക്കല്‍ കോളേജ്, ആര്‍.സി.സി, ശ്രീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കറുകളുടെ പ്രത്യേക സൌകര്യം ഉണ്ടാകും. നാല് ഘട്ടമായി നടക്കുന്ന നവീകരണം ഫെബ്രുവരി ഒന്നോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കുടിവെള്ള വിതരണത്തിനായി ഓരോ വാര്‍ഡിലും മൂന്ന് ടാങ്കറുകള്‍ വീതമാണ് ബദല്‍ സംവിധാനമായി ഒരുക്കിയിട്ടുണ്ട്.  

കോര്‍പ്പറേഷന്‍റെ 32 ടാങ്കറുകളും  25 സ്വകാര്യ ടാങ്കറുകളും ഉള്‍പ്പെടെ 57 ടാങ്കറുകളാണ് കുടിവെള്ള വിതരണത്തിന് ഒരുക്കിയിരിക്കുന്നത്.. ടാങ്കറുകളിൽ നിന്ന് ആവശ്യാനുസരണം വെള്ളം ശേഖരിക്കാം. വെള്ളം തീരുന്ന മുറയ്ക്ക് ടാങ്കറുകളില്‍ വെള്ളം എത്തിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ജലവിതരണം മുടങ്ങുന്നതിനാല്‍ പൊതുജനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണെമെന്ന് ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

trivandrumDrinking Water
Comments (0)
Add Comment