ഒരാഴ്ചയിലധികമായി കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടി തിരുവനന്തപുരം നാലാഞ്ചിറ കോട്ടമുഗൾ നിവാസികൾ. പല തവണ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇവർ അധികൃതരെ സമീപിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മണ്ഡലത്തിലാണ് ഈ ഗുരുതര അനാസ്ഥ.
ദേവസ്വം മന്ത്രിയും വാർഡ് കൗൺസിലറുമുൾപ്പെടെ സി.പി.എം ഭരിക്കുന്നിടത്താണ് ഈ ദുരവസ്ഥ. നിരവധി തവണ കോട്ടമുഗൾ നിവാസികൾ പരാതിയുമായി വാട്ടർ അതോററ്റി അധികൃതരെയും വാർഡ് കൗൺസിലര്‍ ഉൾപ്പെടെയുള്ളവരെയും സമീപിച്ചിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അധികൃതർ വിചിത്ര ന്യായങ്ങളാണ് ഉന്നയിക്കുന്നത്. അതേ സമയം ഒരാഴ്ചയായി നാട്ടുകാർ വലഞ്ഞിട്ടും ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് വാർഡ് കൗൺസലറിന്‍റെ വിശദീകരണം.
അതേസമയം വാർഡിലെ ജനങ്ങൾ അനുഭവിക്കുന്ന ഗുരുതര വിഷയം പരിഹരിക്കാൻ സി.പി.എം കൗൺസിലറിന് കഴിയാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. സർക്കാരിന്‍റെ കുടിവെള്ളം ലഭ്യമാവാത്തതിനാൽ വൻകിട സ്ഥാപനങ്ങളുടെ വെള്ളം സ്വന്തം കീശയിൽ നിന്നും പണം മുടക്കി വാങ്ങേണ്ട ഗതികേടിലാണ് കോട്ടമുഗൾ നിവാസികൾ. ഓഫീസുകളിലും സ്കൂളിലും പോകാനാവാതെയും പ്രദേശവാസികള്‍ വലയുന്നു.
ലഭിക്കാത്ത വെള്ളത്തിന് നിരക്കീടാക്കുന്ന വിചിത്ര സമീപനമാണ് വാട്ടർ അതോറിറ്റി സ്വീകരിച്ചിരിക്കുന്നത്. വല്ലപ്പോഴും ലഭിക്കുന്ന കുടിവെള്ളം മാലിന്യം നിറഞ്ഞതാണെന്നും പരാതിയുണ്ട്. സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ പ്രാഥമിക ആവശ്യം പോലും നിർവഹിക്കാൻ കഴിയാത്ത മന്ത്രിയുൾപ്പെടെയുള്ളവര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.