മതവിശ്വാസങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള സി പി എം തന്ത്രം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, September 20, 2020

മതവിശ്വാസങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള സി പി എം തന്ത്രമെന്ന് കെ പി സിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത്തവണ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശുദ്ധ ഖുറാനെയും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. ശബരിമല വിഷയത്തില്‍ കൈപൊള്ളിയത് സിപിഎമ്മും മുഖ്യമന്ത്രിയും മറക്കരുത്. തരാതരം വര്‍ഗ്ഗീയതയെ വാരി പുണരുന്ന പാര്‍ട്ടിയാണ് സി പി എമ്മെന്നും യുവാക്കളുടെ പ്രതിഷേധങ്ങളെ മനുഷ്യത്വരഹിതമായി അടിച്ചമര്‍ത്തുന്നത് എല്ലാക്കാലത്തും ഫാസിസ്റ്റുകള്‍ സ്വീകരിക്കുന്ന നടപടിയാണ്. ഇതാണ് സ്റ്റാലിനിസ്റ്റ് രീതിയെന്നും അദ്ദേഹം തിരുവന്തപുരത്ത് പറഞ്ഞു.

രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്ന പൊലീസുകാര്‍ എല്ലാ കാലത്തും ഈ സര്‍ക്കാരിന് ഭരണം കാണില്ല എന്ന് ഓര്‍ക്കണം. ലൈഫ് മിഷന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്ക് എന്താണ് ഒളിക്കാനുള്ളതെന്ന് ചോദിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

നയതന്ത്ര ബാഗേജ് സംബന്ധിച്ച കേന്ദ്ര മന്ത്രി മുരളീധരന്‍റെ പ്രസ്താവനയില്‍ ബിജെപി നിലപാട് വ്യക്തമാക്കണം. സിപിഎം-ബിജെപി രഹസ്യ ബന്ധത്തിന്‍റെ തെളിവാണ് കേസ് അന്വേഷണത്തിന്‍റെ നിലവിലെ ഗതി. യുഎഇ സര്‍ക്കാരിന് പോലും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.