ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് തള്ളിക്കളയരുത്; വന്ദനയ്ക്ക് സുരക്ഷയൊരുക്കുന്നതില്‍ സംസ്ഥാനത്തെ മുഴുവന്‍ സംവിധാനങ്ങളും പരാജയപ്പെട്ടു: വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി

 

കൊച്ചി: യുവ ഡോക്ടർ വന്ദനാ ദാസിന്‍റെ കൊലപാതകത്തില്‍ സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഡോക്ടർ വന്ദനയ്ക്ക് സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാനത്തെ മുഴുവൻ സംവിധാനങ്ങളും പരാജയപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഡോക്ടർ ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് എവിടെയാണെന്ന് ചോദിച്ച കോടതി ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞു തള്ളിക്കളയരുതെന്നും സംവിധാനങ്ങളുടെ പരാജയമാണെന്നും ചൂണ്ടിക്കാട്ടി.

പോലീസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍. സന്ദീപ് വന്ദനയെ ആക്രമിച്ചപ്പോള്‍ പോലീസ് എവിടെയായിരുന്നുവെന്നും  ഡോക്ടർ ഭയന്നുനിന്നപ്പോൾ പോലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്നും കോടതി ചോദിച്ചു. വസ്തുത വസ്തുതയായി പറയണമെന്നും ഹൈക്കോടതി നിർദേശിച്ചു. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ കോടതി മുന്നറിയിപ്പ് നൽകിയതാണ് . ഡോക്ടർ മരിച്ചിട്ടും സർക്കാറും പോലീസും ന്യായീകരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. പ്രോട്ടോക്കോൾ പാലിച്ചെന്ന് പോലീസ് പറയുന്നു. പ്രതിയുടെ മാനസികനിലയെ കുറിച്ച് പരിശോധിച്ചതിന് ശേഷമാണോ രണ്ട് സ്ത്രീകളുടെ മുമ്പിലേക്ക് അയാളെ എത്തിച്ചതെന്നും കോടതി ചോദിച്ചു. വന്ദന പേടിച്ച് നടക്കാനോ അനങ്ങാനോ പറ്റിയില്ല, അവളെ സംരക്ഷിക്കേണ്ട പോലീസുകാരെവിടെയായിരുന്നുവെന്ന് കോടതി ചോദിച്ചു. ആക്രമണങ്ങളെ പ്രതിരോധിക്കേണ്ട പോലീസുകാർ കുത്തുകൊണ്ടതിന് ശേഷം ഓടിക്കളഞ്ഞെന്നും കോടതി വിമര്‍ശിച്ചു.

പോലീസ് മേധാവി ഓൺലൈനായി കോടതിയിൽ ഹാജരായി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്കുമാർ ആക്രമണം നടന്നത് എങ്ങനെയെന്ന് ഹൈക്കോടതിയിൽ വിശദീകരിച്ചു. പവർപോയിന്‍റ് പ്രസന്‍റേഷൻ വഴിയാണ് എഡിജിപി സംഭവങ്ങള്‍ വിശദീകരിച്ചത്. ഇതിനിടെയായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.

ഡോ. വന്ദനാ ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ കഴിഞ്ഞ ദിവസവും ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവവികാസങ്ങളാണ് അരങ്ങേറിയതെന്ന് പറഞ്ഞ കോടതി, ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടിക്കോളൂ എന്നും വിമർശിച്ചു. ആക്രമണങ്ങൾ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ചോദിച്ച കോടതി, പോലീസിന്‍റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേ എന്നും എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞു തരേണ്ടത് കോടതിയല്ലെന്നും പറഞ്ഞു. വിഷയത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തവെയായിരുന്നു ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്‍റെ രൂക്ഷ വിർമശനം.

Comments (0)
Add Comment