സർക്കാർ എല്ലാം പറയും, പ്രതിപക്ഷം വായ തുറക്കാൻ പാടില്ല എന്ന നിലപാട് ശരിയല്ല: കേരളത്തെ യൂണിവേഴ്‌സിറ്റി കോളേജ് ആക്കാൻ നോക്കേണ്ട: ഡോ.എസ്.എസ്.ലാൽ

 

കൊവിഡ് കാലത്ത് രാഷ്ട്രീയം പറയരുതെന്ന വാദം ഉയര്‍ത്തുകയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ഇടതുപക്ഷത്തിനെതിരെ വിമര്‍ശനവുമായി പൊതുജനാരോഗ്യ വിദഗ്ധനും എഴുത്തുകാരനുമായ ഡോ.എസ്.എസ് ലാല്‍. കൊവിഡ് കാലത്ത് രാഷ്ട്രീയം പാടില്ല എന്ന വാദം കണ്ണിൽ പൊടിയിടലാണെന്ന്അദ്ദേഹം പറയുന്നു. കൊവിഡ് കാലത്തെ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളും ഇടപെടലുകളും രോഗവ്യാപനം കൂടാനോ പൊതുജനാരോഗ്യത്തെ അട്ടിമറിക്കാനോ കാരണമാകരുത് എന്നാണ് പറയേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സർക്കാർ ഒഴികെ മറ്റാരും പ്രവർത്തിക്കരുത് എന്ന നിലപാട് തട്ടിപ്പാണ്. ജനങ്ങൾക്കായി നടക്കുന്ന ഓരോ നല്ല പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. ആ നല്ല പ്രവർത്തനങ്ങൾ കൊവിഡ് കാലത്തും നടക്കണം. പ്രതിപക്ഷവും ചെയ്യണം. സർക്കാരിൻറെ റേഷൻ പാർട്ടി ഓഫീസിൽ കൊണ്ട് വയ്ക്കുന്നതും കമ്മ്യൂണിറ്റി കിച്ചൻ നടത്താനുള്ള അവകാശം ഭരണ കക്ഷിയുടെ യുവജന സംഘടനയ്ക്ക് മാത്രം നൽകുന്നതും ഒക്കെ വൃത്തികെട്ട രാഷ്ട്രീയമാണ്. തർക്കമില്ല.

സർക്കാർ എല്ലാം പറയും, പ്രതിപക്ഷം വായ തുറക്കാൻ പാടില്ല എന്ന നിലപാട് ശരിയല്ല. ഒരു നാട്ടിലും സർക്കാരിനെക്കൊണ്ട് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. സർക്കാരിനും തെറ്റുപറ്റും. പ്രതിപക്ഷവും ഐ.എം.എ. പോലുള്ള സംഘടനകളും എതിർത്തപ്പോൾ സർക്കാർ നടത്തിയ തിരുത്തലുകളാണ് പല അപകടങ്ങളും ഒഴിവാക്കിയത്. എന്നാൽ പ്രതിപക്ഷം പറയുന്ന കാര്യത്തിൽ കഴമ്പില്ലെന്ന് തോന്നിയാൽ ഉപേക്ഷിക്കാം.

നമ്മൾ ഓരോ വ്യക്തിയും കൂടി ചേർന്നതാണ് സർക്കാർ. ഭരിക്കുന്ന പാർട്ടികൾക്കായി അത് ആരും വിറ്റിട്ടില്ല. അഞ്ചു കൊല്ലത്തേയ്ക്കുള്ള ഭരണ നേതൃത്വം മാത്രമാണ് ഒരു മുന്നണിയെ ഏൽപ്പിച്ചിരിക്കുന്നത്. അതിന്റെയർത്ഥം പ്രതിപക്ഷത്തുള്ള പാർട്ടികളെല്ലാം പിരിച്ചുവിടണമെന്നല്ലെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ സി.പി.എം അല്ലാതെ മറ്റൊരു പാർട്ടി പാടില്ലെന്ന നിലപാട് ശരിയല്ല. ഒരാളെ ആക്ഷേപിക്കാനായി കോൺഗ്രസ് എന്ന പദം ഉപയോഗിക്കുന്നത് അക്രമമാണ്. പ്രതിപക്ഷത്തെ നിർമാർജനം ചെയ്യുകയാണ് ലക്ഷ്യമെങ്കിൽ പിന്നെ അക്കാര്യം പറഞ്ഞ് ബി.ജെ.പിയെ എതിർക്കാൻ നിങ്ങൾക്കെങ്ങനെ കഴിയുമെന്നും അദ്ദേഹം ഇടതുപക്ഷത്തോടായി ചോദിക്കുന്നു. ഈ നാട് എല്ലാവക്കും കൂടി ഉള്ളതാണ്. കേരളത്തെ യൂണിവേഴ്സിറ്റി കോളേജ് ആക്കാൻ നോക്കരുത്. നടക്കില്ല- എസ്.എസ് ലാല്‍.  കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോൺഗ്രസ് പാർട്ടിയെ നിരോധിച്ചിട്ടില്ല …

എൻറെ സുഹൃദ് വലയത്തിൽ ഒരുപാട് സി.പി.എം. കാരുണ്ട്. ചിലർ വിദ്യാഭ്യാസകാലം മുതലുള്ള സുഹൃത്തുക്കളാണ്. കോൺഗ്രസുകാരനായ എൻറെ ഏറ്റവും അടുത്ത സൃഹുത്തുക്കളിലും ചിലർ സി.പി.എം. കാരാണ്. മനുഷ്യരെന്ന നിലയിലുള്ള അടുപ്പമാണത്. ഞങ്ങളുടെ പല രാഷ്ട്രീയ നിലപാടുകളും വ്യത്യസ്തമാണ്. എന്നാൽ നാടിനും ജനങ്ങൾക്കും ഉപയോഗപ്പെടുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ ഞങ്ങൾ ഒരുമിച്ചാണ്. പലയിടത്തും ഇതുപോലുള്ള സൗഹൃദങ്ങൾ ഉണ്ട്. മനഃപൂർവം ശ്രമിച്ചാൽ ഇത് സാദ്ധ്യമായ ഒരു കാര്യമാണ്.

നാട്ടിൽ വ്യത്യസ്ത പാർട്ടികളിൽ നിൽക്കുമ്പോൾ മനുഷ്യർക്ക് പരസ്പരം അറിയാനുള്ള അവസരങ്ങൾ കുറവാണ്. വിദ്യാഭ്യാസകാലത്ത് പാർട്ടികൾ വേറേയായതിനാൽ അടുക്കാൻ കഴിയാതെ പോയതിൻറെ സങ്കടം ഞാനും ചില സുഹൃത്തുക്കളും പങ്കുവയ്ക്കാറുമുണ്ട്. പാർട്ടിക്കതീതമായി മനുഷ്യർക്ക് ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരങ്ങൾ ഇന്നും നാട്ടിൽ കുറവാണ്. ഇനി, മനുഷ്യർ തമ്മിൽ യോജിച്ചു പ്രവർത്തിച്ചാൽ തന്നെ പലപ്പോഴും പാർട്ടികൾ കുത്തിത്തിരുപ്പുണ്ടാക്കി അവരെ തമ്മിൽ അകറ്റുകയും ചെയ്യും. ഒരുപാട് അനുഭവങ്ങൾ ഉണ്ട്.

സി.പി.എം. – ൽ പാർട്ടി ക്ലാസുകളും ശില്പശാലകളും ഒക്കെയുണ്ട്. അതിനാൽ ശരാശരി പാർട്ടിക്കാരൻറെ അറിവും ലോക വിവരവും ഒരു സാധാരണക്കാരനുള്ളതിനെക്കാൾ കൂടുതലാണ്. കോൺഗ്രസിലൊക്കെ ഇത്തരം പഠിപ്പിക്കൽ കുറവാണെന്നതും ശരിയാണ്. തീരെയില്ലാത്ത സ്ഥലങ്ങളും ഉണ്ട്. പക്ഷെ, ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നതിൽ സി.പി.എം. – ന് തെറ്റു പറ്റാറുണ്ട്. അവരുടെ പാർട്ടിയിൽ അല്ലാത്തവർക്ക് ലോകത്തെ ഒരു കാര്യവും അറിയില്ലെന്ന് പല സി.പി.എം. കാരും വിശ്വസിക്കുന്നു. പാർട്ടിയിലെ അത്ര അറിവില്ലാത്തവർ അത് കൂടുതൽ വിശ്വസിക്കും. പാർട്ടിയ്ക്ക് പുറത്തുള്ളവർക്ക് ഒന്നും അറിയില്ലെന്ന് അവരും പറഞ്ഞുപരത്തും. ഫേസ്‌ബുക്കിൽ അതുപോലുള്ള സി.പി.എം. കാരേയും കാണാറുണ്ട്.

ഏറ്റവും വായന കുറഞ്ഞ കോൺഗ്രസുകാരുടെ വായന പോലും ഇല്ലാത്ത സി.പി.എം. കാരും കോൺഗ്രസിലെ ബുദ്ധിജീവികളെയും എഴുത്തുകാരെയും ഒക്കെ കയറിയങ്ങ് ആക്ഷേപിക്കും. കോൺഗ്രസായതിനാൽ അവർക്കാർക്കും വിവരമില്ലെന്നു പറയും. അറിവുണ്ടാകാൻ സി.പി.എം. കൂടാതെ മറ്റൊരുപാട് മാർഗ്ഗങ്ങൾ നാട്ടിൽ ഉണ്ടെന്ന കാര്യം അവർ അറിയുന്നില്ല. അങ്ങനെയാണ് സി.പി.എം. അല്ലാത്ത എല്ലാവരും വിവരംകെട്ടവരാണെന്ന വിശ്വാസത്തിൽ ശരാശരി പാർട്ടിക്കാരൻ ചെന്നെത്തുന്നത്. അങ്ങനെയാണ് അവരുടെ പാർട്ടിക്കാർ അല്ലാത്ത ആരെയും ആക്ഷേപിക്കാനും അധിക്ഷേപിക്കാനും അവർ പഠിച്ചത്.

ഇനി പാർട്ടിക്ക് പുറത്ത് ആർക്കെങ്കിലും വിവരമുണ്ടെന്ന് സമ്മതിച്ചാൽ തന്നെ അവർ സി.പി.എം – ൽ ചേരണമെന്ന വാശിയുണ്ട്. ചേർന്നില്ലെങ്കിലും ചായ്ഞ്ഞെങ്കിലും നിൽക്കണം. ഇല്ലെങ്കിൽ ബലമായി പിടിച്ചു ചായ്ക്കും. എന്നിട്ടും ചായ്ഞ്ഞില്ലെങ്കിൽ എഴുത്തുകാരൻ ശ്രീ. സക്കറിയയ്‌ക്കോ മുൻ അംബാസഡർ ശ്രീ. ശ്രീനിവാസനോ ഒക്കെ പറ്റിയത് സംഭവിക്കും. വളയാത്തവരെ അടിച്ചു താഴെയിടും. ഒടുവിൽ ചിലരെങ്കിലും മനസ്സിലാക്കും, ഇടത് ചേർന്ന് നിന്നാൽ തടി സുരക്ഷിതം എന്ന്. ഒപ്പം നിന്നാൽ സാംസ്കാരിക നായകനായി തുടരുകയും ചെയ്യാം.

യൂണിവേഴ്സിറ്റി കോളേജ് മുതൽ നിയമസഭയിൽ വരെ ഈ സി.പി.എം. മുട്ടാളത്തരം ഉണ്ട്. എല്ലാ പോഷക സംഘടനകളിലും ഉണ്ട്. കോൺഗ്രസുകാർ ആയിട്ടും പേടിച്ച് സി.പി.എം. – ൻറെ പോഷക സംഘടനകളിൽ പ്രവർത്തിക്കുന്ന ഒരുപാട് പേരെ എനിക്ക് നേരിട്ടറിയാം. കർണാടകത്തിലും മദ്ധ്യപ്രദേശിലും കാശ് കൊടുത്താണ് പാർട്ടി മാറ്റുന്നതെങ്കിൽ കേരളത്തിൽ അത് വിരട്ടിയാണ് സാധിക്കുന്നത്. ഞാൻ പറയുന്ന ഈ വരികളെ വാദത്തിന് എതിർത്താലും ഒറ്റയ്ക്കിരിക്കുകയാണെങ്കിൽ സി.പി.എം. കാർക്കും ഉള്ളിൽ ചിരി വരുന്നുണ്ടെന്ന് എനിക്കറിയാം.

ഫേസ്ബുക്കിലും ഇത്തരം ഭീഷണികൾ ഉണ്ട്. അതിനാൽ കോൺഗ്രസാണെന്നു പറയാൻ പേടിയുള്ളവർ ഉണ്ട്. ഡോക്ടർ കോൺഗ്രസ്സാണെന്ന് ഒരു ആരോപണം പോലെ എന്റെ ചില പോസ്റ്റുകൾക്ക് താഴെ കമന്റിടുന്ന അപൂർവം ചിലരുണ്ട്. കോൺഗ്രസ് എന്താ നിരോധിക്കപ്പെട്ട പാർട്ടിയാണോ എന്ന് ഞാൻ തിരികെ ചോദിക്കും. അതോ അശ്ലീലമാണോ എന്ന്? എല്ലാവരും സി.പി.എം. ആയാൽ പിന്നെ നാട്ടിൽ ജനാധിപത്യത്തിൻറെ ആവശ്യമില്ലല്ലോ.

എൻറെ ബുദ്ധിയ്ക്ക് മനസ്സിലാകുന്ന രീതിയിൽ ഞാനും കാര്യങ്ങളെ അവലോകനം ചെയ്യും. അങ്ങനെ ഇന്നലെയിട്ട ഒരു പോസ്റ്റിന്റെ താഴെ വന്നിട്ട് ഒരാൾ അത് പിൻവലിക്കാൻ പറയുകയാണ്. എന്തൊരു ഹുങ്കാണത്. ഒരു ടെലിവിഷൻ വാർത്താധിഷ്ഠിത പരിപാടിയുടെ ഒരു കഷണമാണ് ഞാൻ പോസ്റ്റ് ചെയ്തത്. അല്ലാതെ അശ്ലീലമല്ല. പൊതു സ്ഥലത്ത് അത് പാടില്ലത്രേ. അതിനാൽ ഞാൻ അദ്ദേഹത്തെ അങ്ങ് ഒഴിവാക്കി. എന്റെ പോസ്റ്റുകൾ പൊതുസ്ഥലത്ത് കണ്ട് അദ്ദേഹം ഇനിയും വേദനിക്കരുത്. ദേശീയ തലത്തിലും കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലും കോൺഗ്രസിൻറെ നേതൃത്വമോ സഹകരണമോ ആവശ്യമുള്ള ഒരു പാർട്ടിയുടെ പ്രവർത്തകർ കേരളത്തിൽ പെരുമാറുന്ന രീതിയാണ് പറഞ്ഞത്.

സി.പി.എം. അവരുടെ പാർട്ടിക്കാരെ മനുഷ്യസ്നേഹം പഠിപ്പിക്കുന്നുണ്ട്. അതിനാൽ ആ പാർട്ടിയിൽ ഉള്ള പലരും മനുഷ്യസ്നേഹികളാണ്. പക്ഷേ, ശരാശരി സി.പി.എം. കാരൻ മനസ്സിലാക്കിയിരിക്കുന്നത് അവരുടെ പാർട്ടി അല്ലാത്തവരെല്ലാം മനുഷ്യർക്കെതിരാണ് എന്നാണ്. ഞാൻ പതിനഞ്ചു വയസ്സുമുതൽ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച ആളാണ്. വളരെ മോശം കോൺഗ്രസുകാരെ ഞാൻ കണ്ടിട്ടുണ്ട്. ഏറ്റവും മോശക്കാരനായ കോൺഗ്രസുകാരേക്കാൾ മോശക്കാരായ ഒരുപാട് സി.പി.എം. കാരെയും ഞാൻ കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ എല്ലാ നന്മയും തിന്മയും പാർട്ടികളിലും പ്രതിഫലിക്കും. എന്നാൽ വലിയ നാവും പേശീബലവും കാരണം സി.പി.എം. കാർക്ക് തന്നെയാണ് തിന്മക്കാര്യത്തിലും ഒന്നാം സ്ഥാനം. അതിൻറെ അഹങ്കാരം അവർക്കില്ലെന്നത് ഞാനും സമ്മതിക്കുന്നു.

ഫേസ്‌ബുക്കിൽ ഇന്നലെയും ശ്രീ. എ.കെ. ആന്റണിയെ അദ്ദേഹത്തിൻറെ ഉയരത്തിൻറെ കാര്യം പറഞ്ഞ് ആക്ഷേപിക്കുന്ന സി.പി.എം. കാരെക്കണ്ടു. അവരിൽ ചിലർ ഉന്നത ബിരുദം ഉള്ളവരാണ്. ബോഡിഷെയിമിങ്ങിനെപ്പറ്റി ഫേസ്‌ബുക്കിൽ തന്നെ നീണ്ട ലേഖനം എഴുതിയിട്ടുള്ളവരാണ്. മോശം വാക്കുകൾ എഴുതിയവരുടെ വിവരക്കേടാണ് അതെന്നു കണക്കാക്കി നമുക്ക് ഉപേക്ഷിക്കാം.

ശ്രീ. പിണറായി വിജയൻറെ ജാതി പറഞ്ഞ് ഒരു കുലസ്ത്രീ തെറിവിളിച്ചപ്പോൾ പലർക്കുമൊപ്പം ഞാനും അവർക്കെതിരെ പ്രതികരിച്ചിരുന്നു. വിദ്യാഭ്യാസമില്ലാത്ത ആ പാവം സ്ത്രീയിൽ നിന്ന് മെച്ചപ്പെട്ട ഭാഷ നമ്മൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും. എന്നാൽ മര്യാദയുണ്ടെന്ന് നമ്മളെ വിശ്വസിപ്പിക്കുന്ന സി.പി.എം. കാർ അവരുടെ അച്ഛൻറെ പ്രായമുള്ള എ.കെ. ആന്റണിയെ ആക്ഷേപിക്കാൻ കുലസ്ത്രീകളുടെ നിഘണ്ടുവിലെ വാക്കുകൾ തന്നെ ഉപയോഗിക്കുമ്പോൾ മുഴുവൻ സി.പി.എം. കാരേയും ഒരുപോലെ മനുഷ്യസ്നേഹികൾ എന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ട്. വിധവയായ രമയെ തെറി വിളിക്കുമ്പോഴും ഇങ്ങനെ തന്നെയാണ് തോന്നുക.

ഇപ്പോൾ കോൺഗ്രസുകാർ തെറി വിളിച്ച സ്ത്രീകളുടെ ലിസ്റ്റുമായി ചിലർ വരും. കോൺഗ്രസുകാർ ചെയ്യുന്ന വൃത്തികേടുകൾ ആവർത്തിക്കാൻ പാടില്ലെന്ന് പഠന ക്ലാസിൽ ആരും പറഞ്ഞിട്ടില്ലേ? ശ്രീ. അച്യുതാനന്ദനെയും ശ്രീ. പിണറായി വിജനെയുമൊക്കെ എതിർക്കുന്നവർ ഉണ്ട്. അതിനാൽ അവരും ഇതുപോലെ തെറികളാൽ ആക്ഷേപിക്കപ്പെടണമെന്ന് സി.പി.എം. കാർ ആഗ്രഹിക്കുമോ? നമുക്ക് ശ്രീ. എ.കെ.ആന്റണിയെയോ അതിനും മുകളിൽ ഉളളവരെയോ എതിർക്കാം. എന്നാൽ ആക്ഷേപിക്കാൻ അവകാശമില്ല. എതിർക്കുന്നവരെ വ്യക്തിഹത്യ ചെയ്യുന്നതും ഹീനമാണ്.

കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കുന്നതിൽ സർക്കാരിനാണ് നേതൃത്വം. അത് ആരും ചോദ്യം ചെയ്യുന്നില്ല. സർക്കാരിനെ എല്ലാ വിധത്തിലും സഹായിക്കണം. അതുപോലെ മഹാമാരിക്കിടയിൽ സർക്കാരിൻറെ പ്രവർത്തനങ്ങളെ ആരും തടസപ്പെടുത്താൻ പാടില്ല. അക്രമങ്ങളും ബോംബേറും പാടില്ല. മുഖ്യമന്ത്രിയെ കല്ലെറിയാൻ പാടില്ല. സ്പീക്കറുടെ മേശയും കസേരയും തകർക്കാൻ പാടില്ല. കോവിഡിൻറെ പേരിൽ അതൊന്നും ഇവിടെ നടന്നില്ല. നടക്കാനും പാടില്ല. നടന്നാൽ അതിനെതിരെയും എന്നെപ്പോലുള്ളവർ എഴുതും.

കൊവിഡ് കാലത്ത് രാഷ്ട്രീയം പാടില്ല എന്ന വാദം കണ്ണിൽ പൊടിയിടലാണ്. അതൊരു തന്ത്രമാണ്. കൊവിഡ് കാലത്തെ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളും ഇടപെടലുകളും രോഗവ്യാപനം കൂടാനോ പൊതുജനാരോഗ്യത്തെ അട്ടിമറിക്കാനോ കാരണമാകരുത് എന്നാണ് പറയേണ്ടത്. ഭരണത്തെ തടസപ്പെടുത്തരുത് എന്നാണ് പറയേണ്ടത്. ഇവിടെ ആരും അതൊന്നും ചെയ്യുന്നുമില്ല. എന്നാൽ സർക്കാർ ഒഴികെ മറ്റാരും പ്രവർത്തിക്കരുത് എന്ന നിലപാട് തട്ടിപ്പാണ്. ജനങ്ങൾക്കായി നടക്കുന്ന ഓരോ നല്ല പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. ആ നല്ല പ്രവർത്തനങ്ങൾ കൊവിഡ് കാലത്തും നടക്കണം. പ്രതിപക്ഷവും ചെയ്യണം. സർക്കാരിൻറെ റേഷൻ പാർട്ടി ഓഫീസിൽ കൊണ്ട് വയ്ക്കുന്നതും കമ്മ്യൂണിറ്റി കിച്ചൻ നടത്താനുള്ള അവകാശം ഭരണ കക്ഷിയുടെ യുവജന സംഘടനയ്ക്ക് മാത്രം നൽകുന്നതും ഒക്കെ വൃത്തികെട്ട രാഷ്ട്രീയമാണ്. തർക്കമില്ല.

സർക്കാർ എല്ലാം പറയും, പ്രതിപക്ഷം വായ തുറക്കാൻ പാടില്ല എന്ന നിലപാട് ശരിയല്ല. ഒരു നാട്ടിലും സർക്കാരിനെക്കൊണ്ട് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. സർക്കാരിനും തെറ്റുപറ്റും. പ്രതിപക്ഷവും ഐ.എം.എ. പോലുള്ള സംഘടനകളും എതിർത്തപ്പോൾ സർക്കാർ നടത്തിയ തിരുത്തലുകളാണ് പല അപകടങ്ങളും ഒഴിവാക്കിയത്. എന്നാൽ പ്രതിപക്ഷം പറയുന്ന കാര്യത്തിൽ കഴമ്പില്ലെന്ന് തോന്നിയാൽ ഉപേക്ഷിക്കാം.

നമ്മൾ ഓരോ വ്യക്തിയും കൂടി ചേർന്നതാണ് സർക്കാർ. ഭരിക്കുന്ന പാർട്ടികൾക്കായി അത് ആരും വിറ്റിട്ടില്ല. അഞ്ചു കൊല്ലത്തേയ്ക്കുള്ള ഭരണ നേതൃത്വം മാത്രമാണ് ഒരു മുന്നണിയെ ഏൽപ്പിച്ചിരിക്കുന്നത്. അതിന്റെയർത്ഥം പ്രതിപക്ഷത്തുള്ള പാർട്ടികളെല്ലാം പിരിച്ചുവിടണമെന്നല്ല.

ഒരാൾ സി.പി.എം. ആയതിനാൽ മാത്രം അയാൾ മോശക്കാരനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ടി.പി. ചന്ദ്രശേഖരനെ ചില സി.പി.എം. കാർ കൊന്നതിനാൽ എല്ലാ സി.പി.എം. കാരും കൊലപാതകികളാണെന്ന ചിന്തയും എനിക്കില്ല. പാർട്ടി തെറ്റ് ചെയ്താലും അതിനു കൂട്ടു നിൽക്കാത്ത പാർട്ടിക്കാരെയും അറിയാം. അതുപോലുള്ള സി.പി.എം. കാരെപ്പറ്റിയാണ് ഞാൻ തുടക്കത്തിൽ പറഞ്ഞത്. പാർട്ടിക്കാരുടെ പേരിൽ വരുന്ന സൈബർ ആക്രമണങ്ങളിൽ അത്തരം നല്ല സി.പി.എം. കാർക്ക് വേദനയുണ്ടെന്നും അറിയാം.

എതിർ പാർട്ടികളിൽ നിൽക്കുന്നവരിൽ അടുപ്പമുള്ളവരുമായി ഞാൻ രാഷ്രീയം ചർച്ചചെയ്യാറുണ്ട്. വർത്തമാനകാല ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിൻെറയും സി.പി.എം.ൻറെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചില പ്രശ്നങ്ങളും ഇടങ്ങളും ഉണ്ടെന്ന ധാരണ മറ്റുപലരെയും പോലെ ഞങ്ങളും പങ്കിടാറുണ്ട്. സി.പി.എം. ഒരു തിരുത്തൽ ശക്തിയായി രാജ്യത്ത് നിലനിന്ന കാലമുണ്ട്. ഇപ്പോഴും അക്കാര്യത്തിൽ പാർട്ടിക്ക് പ്രസക്തിയുണ്ട്. പക്ഷേ, കേരളത്തിൽ സി.പി.എം. അല്ലാതെ മറ്റൊരു പാർട്ടി പാടില്ലെന്ന നിലപാട് ശരിയല്ല. ഒരാളെ ആക്ഷേപിക്കാനായി കോൺഗ്രസ് എന്ന പദം ഉപയോഗിക്കുന്നത് അക്രമമാണ്. പ്രതിപക്ഷത്തെ നിർമാർജനം ചെയ്യുകയാണ് ലക്ഷ്യമെങ്കിൽ പിന്നെ അക്കാര്യം പറഞ്ഞ് ബി.ജെ.പി. യെ എതിർക്കാൻ നിങ്ങൾക്കെങ്ങനെ കഴിയും?

ഈ നാട് എല്ലാവക്കും കൂടി ഉള്ളതാണ്. ഇതിനെ യൂണിവേഴ്സിറ്റി കോളേജ് ആക്കാൻ നോക്കരുത്. നടക്കില്ല.

ഡോ: എസ്. എസ്. ലാൽ

Comments (0)
Add Comment