മുഖ്യമന്ത്രിയുടെ ഓഫീസില്‍ അഴിമതിയും ധൂർത്തും; പ്രതിപക്ഷനേതാവിന്‍റെ ഇടപെടല്‍ അഭിനന്ദനാർഹം: ഡോ. ശൂരനാട് രാജശേഖരന്‍

സ്പ്രിങ്ക്ളർ ഡാറ്റാ കൈമാറ്റത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ  ഇടപെടല്‍ അഭിനന്ദനാര്‍ഹമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍. പ്രളയകാലത്ത് ബ്രൂവറി തുടങ്ങാന്‍ തയാറെടുത്ത പിണറായി വിജയന്‍ അതില്‍ നിന്ന് പിന്തിരിയാന്‍ കാരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൃത്യമായ ഇടപെടലായിരുന്നു. അതുപോലെ തന്നെ ഇപ്പോള്‍ ഈ ഡാറ്റാ കൈമാറ്റത്തിന്‍റെ തെളിവുകളും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യാനായി നിയമിച്ചിരിക്കുന്നത് 9 പേരെയാണ്. ഗസറ്റഡ് തസ്തികയിലുള്ളവര്‍ക്ക് ആദ്യം ലഭിക്കുന്ന പ്രതിഫലത്തേക്കാള്‍ അധികം കൊടുത്താണ് ഇവരെ നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഒരു മാസം അഞ്ച് ലക്ഷത്തോളം രൂപയാണ് ഇതിന് വേണ്ടി മാത്രം സർക്കാർ ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത്. ഇതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. ശൂരനാട് രാജശേഖരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

പ്രളയ സമയത്ത് ജനങ്ങൾ ദുരിത മുഖത്ത് നിന്നപ്പോർ പിണറായി സർക്കാർ കേരളമെങ്ങും ബ്രുവറി തുടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് അത് കയ്യോടെ പിടികൂടി തെളിവുകൾ സഹിതം പുറത്ത് വിട്ടു. ജനരോഷം മനസിലാക്കി പിണറായി അത് റദ്ദ് ചെയ്ത് തടി തപ്പി. വീണ്ടും കോവിഡ് മഹാമാരിയിൽ ജനങ്ങൾ നിൽക്കുമ്പോൾ പിണറായി അമേരിക്കൻ കമ്പനിക്ക് ഡാറ്റ കൈമാറിയ വിവരങ്ങൾ തെളിവുകൾ സഹിതം രമേശ് ചെന്നിത്തല പുറത്ത് വിട്ടു. ഇതിനെ കുറിച്ചുള്ള മീഡിയയുടെ ചോദ്യത്തിന് അത് ഐ.റ്റി വകുപ്പ് മറുപടി തരും എന്ന മുഖ്യമന്ത്രിയുടെ മറുപടി കുറ്റസമ്മതത്തിന്‍റെ തെളിവാണ്.ഐ.റ്റി വകുപ്പിന്‍റെ കൂടി മന്ത്രിയാണ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിനെ ട്രോളാനും, താറടിക്കാനുമായി മാത്രം സംസ്ഥാന ഖജനാവിൽ നിന്ന് ചെല്ലും ചെലവും കൊടുത്ത് പിണറായി നിയമിച്ചിരിക്കുന്നത് 9 പേരെയാണ്. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പരിപാലനം എന്ന പേരിൽ നിയമിച്ചിരിക്കുന്ന ഇവരുടെ പ്രതിമാസ ശമ്പളം 54,000 രൂപയാണ്. പബ്ലിക്ക് റിലേഷൻസ് വകുപ്പിന്‍റെ ഉത്തരവ് ( താഴെ). ഇതു പ്രകാരം 9 പേർക്ക് 4 മാസത്തേക്ക് അനുവദിച്ച തുക 19,44,508 രൂപയാണ്. അതായത് ഒരു മാസത്തേക്ക് 4,86,127 രൂപ. ഒരാൾക്ക് പ്രതിമാസം 54,014 രൂപ സംസ്ഥാന ഖജനാവിൽ നിന്ന് ചെലവാകുന്നു. സാലറി ചലഞ്ചുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ് ജീവനക്കാരെ ‘ഭീഷണിപ്പെടുത്തുന്ന ധനകാര്യ മന്ത്രി ഐസക്കിനോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ. കേരളത്തിൽ ആദ്യ ഗസറ്റഡ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് പോലും ഇത്രയും ശമ്പളം പ്രതിമാസം കിട്ടത്തില്ല എന്നിരിക്കെ 54,000 രൂപ പ്രതിമാസ വേതനം ഈ താൽക്കാലിക ജീവനക്കാർക്ക് നൽകിയത് എന്തിന്? ഒരു ക്ലർക്ക് ഗസറ്റഡ് ആയി ഈ ശമ്പളം വാങ്ങിക്കാൻ മിനിമം 20 മുതൽ 25 വർഷം വരെ എടുക്കും. ഹയർ സെക്കണ്ടറി അധ്യാപകൻ, സർക്കിൾ ഇൻസ്പെക്ടർ, സെക്ഷൻ ഓഫിസർ, നേഴ്സുമാർ ഇവരെക്കാളും ശമ്പളം മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർക്ക് കൊടുക്കാൻ തീരുമാനിച്ചതിന്‍റെ ചേതോവികാരം എന്താണ് മിസ്റ്റർ ഐസക്ക്? കോവിഡ് കാലത്തെ ഡാറ്റ കൈമാറ്റം അമേരിക്കൻ കമ്പനിക്ക് പിണറായി വിജയൻ കൈമാറിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിടികൂടിയത് ജനാധിപത്യത്തിൽ പ്രതിപക്ഷവും പ്രതിപക്ഷനേതാവും എങ്ങനെ പ്രവർത്തിക്കണം എന്നതിന്‍റെ മകുടോദാഹരണമാണ്. ബസുകൾ തല്ലി പൊളിക്കുന്നതാണ് ഇടതുപക്ഷത്തിന്‍റെ പ്രതിപക്ഷ പ്രവർത്തനം എങ്കിൽ ജനോപകാരപ്രദമായ പ്രതിപക്ഷ പ്രവർത്തനം എന്താണ് എന്ന് രമേശ് ചെന്നിത്തല കാണിച്ച് തന്നിരിക്കുന്നു. അഴിമതിയും ധൂർത്തും അഹങ്കാരവും മുഖമുദ്രയാക്കിയ പിണറായി സർക്കാർ ജനഹൃദയങ്ങളിൽ നിന്ന് എന്നേ തൂത്തെറിയപ്പെട്ടിരുന്നു എന്നതിന്‍റെ തെളിവായിരുന്നു കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം. കോവിഡ് കാലത്ത് വിദേശ കമ്പനിക്ക് ഡാറ്റ കൈമാറ്റം നടത്തിയ പിണറായി വിജയനെ കയ്യോടെ പിടികൂടിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അഭിനന്ദനങ്ങൾ.

Comments (0)
Add Comment