സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നുള്ള സിപിഎം വാദം ഇരട്ടത്താപ്പ്; രേഖകള്‍ പുറത്ത്

Jaihind News Bureau
Monday, September 28, 2020

 

തിരുവനന്തപുരം : വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന അന്വേഷണത്തിനെതിരെ പ്രതിഷേധിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും സമാന കുറ്റകൃത്യത്തിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ശുപാര്‍ശ ചെയ്തതിന്‍റെ രേഖകള്‍ പുറത്ത്. ജോസഫ് പുലിക്കുന്നേലിന്‍റെ നേതൃത്വത്തിലുള്ള സംഘടനകള്‍ നിയമം ലംഘിച്ചതിനും തട്ടിപ്പ് നടത്തിയതിനും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിണറായി സര്‍ക്കാര്‍ അയച്ച കത്തിന്‍റെ ആണ് പുറത്ത് വന്നത്. ഇതോടെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്‍റെ ലംഘനമുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷിച്ചാല്‍ മതിയെന്നും സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നമുള്ള സിപിഎം വാദം ഇരട്ടത്താപ്പാണെന്ന് വ്യക്തമായി.

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ആഭ്യന്തരവകുപ്പ് സെക്രട്ടറിയായിരിക്കുമ്പോള്‍ കേന്ദ്രത്തിന് അയച്ച കത്തിന്‍റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്ത് വന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് അയച്ച കത്തില്‍ പറയുന്നത് വിദേശ സംഭാവന നിയന്ത്രണ നിയമങ്ങളുടെ ലംഘനമുള്ളതുകൊണ്ട് സംസ്ഥാന പൊലീസിന് ഈ അന്വേഷണം നടത്താന്‍ പരിമിതികളുണ്ടെന്നും സി.ബി.ഐ ഈ കേസ് അന്വേഷിക്കണമെന്നുമാണ്. കത്തോലിക്ക സഭാ വിമര്‍ശകനായിരുന്ന ജോസഫ് പുലിക്കുന്നേലിന്‍റെ നേതൃത്വത്തിലുള്ള രണ്ട് സംഘടനകള്‍ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചതിനും തട്ടിപ്പ് നടത്തിയതിനും എതിരേയാണ് സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെട്ടത്. ഒരു കോടിക്കുമേല്‍ വിദേശ സാമ്പത്തിക സഹായമുള്ള കേസ് ആയതിനാല്‍ സിബിഐ അന്വേഷിക്കേണ്ടതാണെന്ന് കത്തില്‍ പറയുന്നു. കത്ത് എഴുതിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു.

കേസ് ഏറ്റെടുത്തുകൊണ്ട് ഈ വര്‍ഷം ഏപ്രില്‍ 30ന് സിബിഐ ഉത്തരവ് പുറപ്പെടുവിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. 1977 മുതല്‍ 2009 വരെയുള്ള കാലയളവില്‍ പുലിക്കുന്നേലിന്‍റെ നേതൃത്വത്തിലുള്ള ഗുഡ് സമരിറ്റന്‍ പ്രോജക്ട്‌സ് ഇന്ത്യ, കാത്തലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്നീ സംഘടനകള്‍ നെതര്‍ലന്‍റ് ആസ്ഥാനമായ വുഡ് ആന്‍റ് ഡാഡ് എന്ന സംഘടനയില്‍ നിന്ന് കോടികള്‍ വെട്ടിച്ചുവെന്നാണ് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐപിസി 406, 420 എന്നീ വകുപ്പുകള്‍ക്ക് പുറമേ എഫ്സിആര്‍എ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ജോസഫ് പുലിക്കുന്നേല്‍ 2017-ല്‍ അന്തരിച്ചുവെങ്കിലും അദ്ദേഹത്തിന് പുറമേ സുപ്രീം കോടതി മുന്‍ ജഡ്ജി കെ.ടി തോമസ്, മുന്‍മന്ത്രി എന്‍.എം ജോസഫ്, എഴുത്തുകാരന്‍ സക്കറിയ തുടങ്ങിയവരാണ് ഈ രണ്ട് സംഘടനകളുടെയും ഡയറക്ടറർമാരായുള്ളത്. 2012-ലാണ് തിരുവനന്തപുരം വലിയതുറ പോലീസ് എഫ്.സി.ആര്‍.എ ലംഘനത്തിന് ഈ സംഘടനകള്‍ക്കെതിരെ കേസെടുത്തത്. 2005-ലെ സുനാമി പുനരധിവാസത്തിനായി നല്‍കിയ പണം ദുരുപയോഗം ചെയ്തുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇ കേസില്‍ പിണറായി സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത് വന്നതോടെ ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ട വിജിലന്‍സ് അന്വേഷണം മതിയെന്ന് സര്‍ക്കാരും പാര്‍ട്ടിയും സ്വകരിക്കുന്ന നയം മുഖ്ം രക്ഷിക്കാനുള്ള തത്രപാടാണ് എന്ന് ഒരിക്കല്‍ കൂടി വ്യക്തമാവുകയാണ്