തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി; ഇടുക്കിയില്‍ ഡബിള്‍ ഡക്കര്‍ ബസ് വരുന്നു, ഐ എം വിജയന്‍ ഫ്ലാഗ്ഓഫ് ചെയ്യും

Jaihind Webdesk
Wednesday, April 10, 2024

ഇടുക്കി: ഇടുക്കിയിലേക്ക് ഡബിള്‍ ഡക്കര്‍ ബസ് വരുന്നു. തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഐ എം വിജയന്‍ ബസ് ഫ്ലാഗ്ഓഫ് ചെയ്യും. തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്‍റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് ഇടുക്കിയിലെത്തുന്നു. പ്രശസ്ത ഫുട്‌ബോളര്‍ ഐ എം വിജയന്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കുന്ന ഫുടബോള്‍ മത്സരത്തിന് മുന്നോടിയായി ബസ് ഫ്ലാഗ്ഓഫ് ചെയ്യും.

പൊതുജനങ്ങള്‍ക്ക് ബസില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, എത്ര ദിവസം ബസ് ഇടുക്കിയില്‍ ഉണ്ടാകും തുടങ്ങിയ വിവരങ്ങള്‍ ഫ്ലാഗ്ഓഫ് വേദിയില്‍ ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  തിരഞ്ഞെടുപ്പിന്‍റെ ഊര്‍ജ്ജം ജനങ്ങളിലേക്ക് പകരാനായി സ്വീപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ടസ്‌കര്‍ ഷീല്‍ഡ്’ന് വേണ്ടിയുള്ള സൗഹൃദ ഫുട്ബോള്‍ മത്സരം വെള്ളിയാഴ്ച നടക്കും. ഇടുക്കി ജില്ലാ പോലീസ് ടീമും കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ ടീമും തമ്മിലാണ് മത്സരം. പ്രശസ്ത ഫുട്ബോള്‍ താരം ഐ എം വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ‘മൈതാനത്ത് നിന്ന് ബൂത്തിലേക്ക്’ എന്ന ആശയം മുന്‍നിര്‍ത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.