ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുത്, പ്രകോപിപ്പിച്ചാല്‍ ശക്തമായ മറുപടി നല്‍കും: പാകിസ്ഥാന് പ്രതിരോധമന്ത്രിയുടെ താക്കീത്

Jaihind News Bureau
Thursday, May 8, 2025

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്നും പ്രകോപനമുണ്ടായാല്‍ ‘ശക്തമായ മറുപടി’ നല്‍കാന്‍ രാജ്യം പൂര്‍ണ്ണമായും സജ്ജമാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാകിസ്ഥാന്  മുന്നറിയിപ്പ് നല്‍കി. ‘ഞങ്ങള്‍ എല്ലായ്‌പ്പോഴും സംയമനത്തോടെ, ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രമായാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. എന്നാല്‍ അതിനര്‍ത്ഥം ആര്‍ക്കും ഞങ്ങളുടെ ക്ഷമയെ ദുരുപയോഗം ചെയ്യാമെന്നല്ല,’ രാജ്നാഥ് സിംഗ് പറഞ്ഞു. ‘ആരെങ്കിലും ഇത് മുതലെടുക്കാന്‍ ശ്രമിച്ചാല്‍, ഇന്നലത്തേത് പോലുള്ള (ഓപ്പറേഷന്‍ സിന്ദൂറിനെ പരാമര്‍ശിച്ച്) ഒരു ‘നിങ്ങള്‍ക്കു താങ്ങാനാവാത്ത പ്രതികരണം’ നേരിടേണ്ടിവരുമെന്നും ്അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യന്‍ സായുധ സേന നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’നെക്കുറിച്ചാണ് പ്രതിരോധമന്ത്രി പരാമര്‍ശിച്ചത്. ഈ ഓപ്പറേഷനില്‍ നിരവധി ഭീകര ക്യാമ്പുകള്‍ തകര്‍ത്തിരുന്നു.’നമ്മുടെ സായുധ സേന പ്രകടിപ്പിച്ച ധീരതയ്ക്കും ധൈര്യത്തിനും ഞാന്‍ അവരെ അഭിനന്ദിക്കുന്നു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ അവര്‍ തകര്‍ത്ത രീതി നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണ്,’ പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകള്‍ തകര്‍ത്തു തരിപ്പണമാക്കിയ ആക്രമണം സങ്കല്‍പ്പിക്കാനാവാത്ത കൃത്യതയോടെയാണ് സൈന്യം നടപ്പാക്കിയത്. ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങളോടെയും നിരപരാധികള്‍ക്ക് ഒരു ദോഷവും വരുത്താതെയും ഇത് നടപ്പിലാക്കി,’ ഡല്‍ഹിയില്‍ ദേശീയ ക്വാളിറ്റി കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്നാഥ് സിംഗ് .

ഇന്ത്യന്‍ സായുധ സേനയുടെ പ്രൊഫഷണലിസവും മികച്ച നിലവാരമുള്ള ഉപകരണങ്ങളുമാണ് ഈ വിജയത്തിന് കാരണമെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. ‘നമ്മുടെ കരുത്തുറ്റതും പ്രൊഫഷണലായി പരിശീലനം സിദ്ധിച്ചതുമായ സേനകള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇത് സാധ്യമായത്.’