കുട്ടികളെ ഇനിയും ഡിജിറ്റല്‍ ഡിവൈഡിന്‍റെ ഇരകളാക്കരുത് ; സർക്കാരിനോട് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, August 26, 2021

തിരുവനന്തപുരം : കുട്ടികളെ ഇനിയും ഡിജിറ്റല്‍ ഡിവൈഡിന്റെ ഇരകളാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കണ്ണൂര്‍ കണ്ണവം വനമേഖലയില്‍ മൊബൈലില്‍ റേഞ്ചില്ലാത്തതിനാല്‍ പഠനാവശ്യത്തിന് മരത്തിനു മുകളില്‍ കയറിയ വിദ്യാര്‍ഥി താഴെ വീണ് ഗുരുതരമായി പരുക്കേറ്റ സംഭവം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

ഓണ്‍ലൈന്‍ അധ്യയനം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും വനമേഖലകളിലുള്‍പ്പെടെ താമസിക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താന്‍ ഭരണകൂടത്തിന് സാധിച്ചില്ലെന്ന യാഥാര്‍ഥ്യമാണ് ഈ ദാരുണ അപകടത്തിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പ്രഖ്യാപനങ്ങളും ഉറപ്പുകളും നല്‍കുന്നതല്ലാതെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ്  ഈ ദാരുണ സംഭവമെന്നും വിദ്യാഭ്യാസം മൗലികാവകാശമായ ഈ നാട്ടില്‍ ഓണ്‍ലൈന്‍ അധ്യയനത്തില്‍ നിന്നും ഒരു കുട്ടിപോലും പുറത്താകില്ലെന്ന് ഉറപ്പുവരുത്താന്‍ ബാധ്യതയുണ്ടെന്നത് സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

നമ്മുടെ കുട്ടികളെ ഇനിയും ഡിജിറ്റല്‍ ഡിവൈഡിന്റെ
ഇരകളാക്കരുത്…….
കണ്ണൂര്‍ കണ്ണവം വനമേഖലയില്‍ മൊബൈലില്‍ റേഞ്ചില്ലാത്തതിനാല്‍ പഠനാവശ്യത്തിന് മരത്തിനു മുകളില്‍ കയറിയ വിദ്യാര്‍ഥി താഴെ വീണ് ഗുരുതരമായി പരുക്കേറ്റ സംഭവം ഏറെ ഞെട്ടിക്കുന്നതാണ്. പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തബാബുവിനാണ് മരത്തില്‍ നിന്നും വീണ് നട്ടെല്ലിനു പരിക്കേറ്റത്. പ്ലസ് വണ്‍ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനാണ് ഈ കുട്ടി മരത്തിന് മുകളില്‍ കയറിയത്. കോളനിയില്‍ മൊബൈല്‍ റേഞ്ചില്ലാത്തതിനാല്‍ ഇതേ മരത്തിനു മുകളില്‍ കയറിയിരുന്നാണ് പത്താം ക്ലാസുകാര്‍ക്കു വേണ്ടിയുള്ള ഓണ്‍ലൈന്‍ ക്ലാസുകളിലും അനന്തബാബു പങ്കെടുത്തിരുന്നത്.
അനന്തബാബു ഉള്‍പ്പെടെ 72 വിദ്യാര്‍ഥികള്‍ ഈ കോളനിയിലുണ്ട്. കണ്ണവം വനമേഖലയിലെ കുട്ടികള്‍ നേരിടുന്ന പഠന പ്രതിസന്ധിയെ കുറിച്ച് മാധ്യമങ്ങളിലും നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ അധ്യയനം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും വനമേഖലകളിലുള്‍പ്പെടെ താമസിക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താന്‍ ഭരണകൂടത്തിന് സാധിച്ചില്ലെന്ന യാഥാര്‍ഥ്യമാണ് ഈ ദാരുണ അപകടത്തിലൂടെ പുറത്തുവരുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത നിരവധി വിദ്യാര്‍ഥികളാണ് സംസ്ഥാനത്തുള്ളത്. മൊബൈലോ ലാപ്‌ടോപ്പോ വാങ്ങാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തതും ഇന്റര്‍നെറ്റ് സേവനം ലഭിക്കാത്തതുമാണ് കുട്ടികളെ ഓണ്‍ലൈന്‍ അധ്യയനത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സംസ്ഥാനത്ത് ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാക്കിയിട്ടുണ്ടെന്നും അത് അടിയന്തിരമായി പരിഹരിക്കണമെന്നും പ്രതിപക്ഷം നിരവധി തവണ നിയമസഭയില്‍ ആവശ്യപ്പെട്ടതാണ്.
പ്രഖ്യാപനങ്ങളും ഉറപ്പുകളും നല്‍കുന്നതല്ലാതെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് പന്നിയോട് കോളനിയിലെ ഈ ദാരുണ സംഭവം. വിദ്യാഭ്യാസം മൗലികാവകാശമായ ഈ നാട്ടില്‍ ഓണ്‍ലൈന്‍ അധ്യയനത്തില്‍ നിന്നും ഒരു കുട്ടിപോലും പുറത്താകില്ലെന്ന് ഉറപ്പുവരുത്താന്‍ ബാധ്യതയുണ്ടെന്നത് സര്‍ക്കാര്‍ മറക്കരുത്.