“മെയ് 23 വരെ കാത്തിരിക്കൂ… അതു നിങ്ങളെ ആശ്ചര്യപ്പെടുത്തും” : എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്

മെയ് 23 വരെ കാത്തിരിക്കൂ… അതു നിങ്ങളെ ആശ്ചര്യപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് രാജീവ് ഗൗഡ പറഞ്ഞു. മുഴുവന്‍ വോട്ട് ശതമാനവും സീറ്റ് വിഹിതത്തിലേക്കു മാറ്റുന്നതു ശ്രമകരമാണെന്നും രാജ്യത്തു ഭയം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ അവരുടെ കാഴ്ചപ്പാട് തുറന്നുപറയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ വീണ്ടും ഭരണത്തിലേറുമെന്ന സൂചനകള്‍ നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും അദ്ദേഹം തള്ളി .

എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിൽ നടന്ന സമീപകാല തെരഞ്ഞെടുപ്പ് സാഹചര്യങ്ങളെ ഉദാഹരണമായി കാണിച്ചുകൊണ്ടായിരുന്നു ശശി തരൂർ എംപിയുടെ ട്വീറ്റ്. അഭിപ്രായ വോ​ട്ടെടുപ്പ്​, എക്​സിറ്റ്​ പോൾ ഫലങ്ങളെ അസ്​ഥാനത്താക്കി ആസ്​ട്രേലിയൻ പൊതുതെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസൺ അപ്രതീക്ഷിത വിജയം നേടിയത്​ ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിൻെറ ട്വീറ്റ്​.

ഓസ്‌ട്രേലിയയിൽ കഴിഞ്ഞ ആഴ്ച 56 എക്‌സിറ്റ് പോൾ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ വോട്ടർമാർ ആർക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കാണ് വോട്ട് ചെയ്തതെന്ന് ചോദിക്കുന്നവർ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാർ പ്രതിനിധികളോ ആയിരിക്കാമെന്ന് ഭയപ്പെടുന്നവരാണവർ. 23ാം തീയ്യതി യഥാർത്ഥ റിസൾട്ട് വരാനായി കാത്തിരിക്കുന്നു തരൂർ പറഞ്ഞു.

congress
Comments (0)
Add Comment