യൂറോപ്പ ലീഗ് : ചെൽസി കുതിപ്പ് തുടരുന്നു; ഡൈനാമോ കീവിനെ പരാജയപ്പെടുത്തിയത് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക്

Jaihind Webdesk
Friday, March 8, 2019

യൂറോപ്പ ലീഗിൽ ചെൽസിയുടെ കുതിപ്പ് തുടരുന്നു. ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഡൈനാമോ കീവിനെയാണ് ചെൽസി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്.

മത്സരത്തിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ ചെൽസിയുടെ ആധിപത്യം കണ്ടത്. ഏഴു മാറ്റങ്ങളുമായാണ് ചെൽസി ഡൈനാമോ കീവിനെതിരെ ഇറങ്ങിയത്. തുടക്കം മുതൽ ഡൈനാമോ കീവ് പ്രതിരോധത്തെ പരീക്ഷിച്ച പെഡ്രോയിലൂടെയാണ് ചെൽസി ആദ്യ പകുതിയിൽ ഗോൾ നേടിയത്.

പെഡ്രോ തുടങ്ങി വെച്ച ആക്രമണം ജിറൂദിന്‍റെ മികച്ചൊരു ഫ്‌ലിക്കിലൂടെ പെഡ്രോക്ക് ലഭിക്കുകയും പെഡ്രോ ഗോളാക്കുകയുമായിരുന്നു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഗോൾ നേടാനുള്ള മൂന്ന് സുവർണ്ണാവസരങ്ങൾ പെഡ്രോക്ക് ലഭിച്ചെങ്കിലും താരത്തിന് ഗോൾ നേടാനായില്ല.

തുടർന്ന് രണ്ടാം പകുതിയിലാണ് ചെൽസി വില്യനിലൂടെ തങ്ങളുടെ ലീഡ് ഉയർത്തിയത്.

ലോഫ്റ്റസ് ചീകിനെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് ഗോളാക്കിയാണ് വില്യൻ ചെൽസിയുടെ ലീഡ് ഉയർത്തിയത്. രണ്ടു ഗോൾ വഴങ്ങിയതോടെ ഡൈനാമോ കീവ് കൂടുതൽ ആക്രമിച്ച് കളിച്ചെങ്കിലും മത്സരത്തിന്റെ 90ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഹഡ്‌സൺ ഒഡോയിലൂടെ ചെൽസി ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.

ലോഫ്റ്റസ് ചീകിന്‍റെ പാസിൽ നിന്നായിരുന്നു ഒഡോയ് ചെൽസിയുടെ മൂന്നാമത്തെ ഗോൾ നേടിയത്.ആദ്യ പാദത്തിലെ മികച്ച ജയം ഡൈനാമോ കീവിനെതിരെ ചെൽസിക്ക് രണ്ടാം പാദത്തിൽ മികച്ച മുൻതൂക്കം നൽകും.