കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് രൂപം നല്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപു റാം മോഹന്‍ നായിഡുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സുധാകരന്‍ എം.പി കൂടിക്കാഴ്ച നടത്തി. കണ്ണൂരില്‍ നിന്ന് രാജ്യാന്തര സര്‍വീസിനോടൊപ്പം ആഭ്യന്തര സര്‍വീസുകളും വര്‍ദ്ധിപ്പിക്കണമെന്നും, കണ്ണൂര്‍- ഡല്‍ഹി വിമാന സര്‍വീസ് ആഴ്ചയില്‍ എല്ലാ ദിവസവും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കൂടിക്കാഴ്ചയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ മേഖലയിലും വളരെയധികം അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വരുന്നത് ബംഗാളിലെ വിവിധ മേഖലകളില്‍ നിന്നാണ്. അത്തരത്തില്‍ വരുന്ന അനേകം ആളുകള്‍ വിമാന സര്‍വീസിനെ ആശ്രയിക്കുന്നതിനാല്‍ കണ്ണൂര്‍ – കൊല്‍ക്കത്ത സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കണം എന്നും് ആവശ്യപ്പെട്ടു. പോയിന്റ് ഓഫ് കോള്‍ പദവി ലഭ്യമാകാത്തതിനാല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍വീസുകളായ കസ്റ്റംസ്, എമിഗ്രേഷന്‍ കോസ്റ്റ് റിക്കവറി ചാര്‍ജ് ഇളവ് ചെയ്തു നല്‍കണമെന്നും കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കുവാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഈ കാര്യങ്ങളില്‍ ഉചിതമായ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും, പ്രശ്‌നങ്ങള്‍ക്ക് പെട്ടന്ന് തന്നെ പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.