ഡോളർ കടത്ത് : സ്പീക്കർ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല ; ഔദ്യോഗിക തിരക്കുകളെന്ന് വിശദീകരണം

Jaihind News Bureau
Friday, March 12, 2021

 

കൊച്ചി : ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുമ്പാകെ ഹാജരാകില്ല. ഔദ്യോഗിക തിരക്കുകൾ ഉള്ളതിനാൽ ഇന്ന്ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ല എന്ന് സ്പീക്കർ കസ്റ്റംസിനെ അറിയിച്ചു. അതിനിടെ കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും നോട്ടീസ് അയക്കാൻ കസ്റ്റംസ് തീരുമാനിച്ചു.

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നത്.  സ്വപ്നയുടെ രഹസ്യമൊഴിയിലെ വിശദാംശങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയായിരുന്നു കസ്റ്റംസ് നോട്ടീസ് . ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കറിനും നേരിട്ട് പങ്കുണ്ടെന്ന് പ്രതി സ്വപ്‌നാ സുരേഷ് രഹസ്യമൊഴി നൽകിയിരുന്നു. സ്വപ്‌നയുടെ മൊഴിയിൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്പീക്കറോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ  കസ്റ്റംസ് ആവശ്യപ്പെട്ടത്.

എന്നാൽ ഔദ്യോഗിക തിരക്കുകൾ ഉള്ളതിനാൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നാണ് സ്പീക്കർ കസ്റ്റംസിനെ അറിയിച്ചത്. ഏപ്രിൽ ആദ്യ ആഴ്ച ഹാജരാകാമെന്നാണ് സ്പീക്കർ കസ്റ്റംസിനെ അറിയിച്ചിട്ടുള്ളത്. സ്പീക്കറുടെ അസിസ്റ്റൻ്റ് സെക്രട്ടറി എ അയ്യപ്പൻ, സുഹൃത്ത് നാസ് അബ്ദുള്ള എന്നിവരെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും നോട്ടീസ് അയക്കാൻ കസ്റ്റംസ് തീരുമാനിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിന് കോഴയായി സന്തോഷ് ഈപ്പൻ വിലകൂടിയ ഐഫോണുകൾ സമ്മാനിച്ചതിൽ ഒരെണ്ണം വിനോദിനിക്ക് ലഭിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് വേണ്ടി ബുധനാഴ്ച്ച ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്.