ഡോളർ കടത്തുകേസ് : സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ നിയമസഭാ സ്പീക്കർ പി ശ്രീരാകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. പ്രാഥമികമായ ചോദ്യം ചെയ്യൽ മാത്രമാണ് ഇന്നലെ നടന്നത്. നാളെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. ഡോളർ കടത്ത് കേസിൽ ഇനി മെല്ലെപ്പോക്ക് വേണ്ടെന്നാണ് കസ്റ്റംസ് തീരുമാനം.

മൂന്ന് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഒഴിഞ്ഞുമാറിയതിനെ തുടർന്നാണ് കസ്റ്റംസ് സംഘം വീട്ടിലെത്തി ചോദ്യം ചെയ്തത്. കസ്റ്റസ് സൂപ്രണ്ട് സലിലിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ കസ്റ്റംസ് നാളെ വീണ്ടും വിശദമായി അദ്ദേഹത്തെ ചോദ്യം ചെയ്യും. ഇതിനായുള്ള നോട്ടീസ് സ്പീക്കർക്ക് കസ്റ്റംസ് കൈമാറി. അസുഖ ബാധിതനായി യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ് താനെന്ന് സ്പീക്കർ കഴിഞ്ഞ ദിവസം കസ്റ്റംസിന് കത്ത് നൽകിയിരുന്നു. ഇത് മുഖവിലയ്ക്ക് എടുത്താണ് കസ്റ്റംസ് സ്പീക്കറുടെ വസതിയിലെത്തി ചോദ്യം ചെയ്തത്.

തിരുവനന്തപുരം കസ്റ്റംസ് യൂണിറ്റിലെ സൂപ്രണ്ട് സലിലിന്‍റെ നേതൃത്വത്തിൽ നാലംഗ സംഘമാണ് സ്പീക്കറെ കണ്ട് മൊഴി രേഖപ്പെടുത്തിയത്. സ്പീക്കർക്ക് പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തെ അറിയിച്ചെന്നാണ് ശ്രീരാമകൃഷ്ണന്‍റെ ഓഫീസിൽ നിന്നും വ്യക്തമാക്കുന്നത്. കേസിൽ ഇനി മെല്ലെപ്പോക്ക് വേണ്ട എന്നാണ് കസ്റ്റംസ് നിലപാട്. ഇന്നലെ നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണെന്നും വിശദമായത് നാളെ നടക്കുമെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

ഡോളർ കടത്ത് കേസിൽ സ്വപ്നാ സുരേഷ് നൽകിയ രഹസ്യമൊഴിയെ തുടർന്നാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നത്. കോൺസുൽ ജനറലും ശ്രീരാമകൃഷ്ണനുമടക്കം വിദേശത്തേക്ക് ഡോളർ കടത്തിയെന്നാണ് സ്വപ്നയുടെ മൊഴി. കൂടാതെ വിദേശത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ശ്രീരാമകൃഷ്ണന് നിക്ഷേപമുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥാപന ഉടമകളുടെ മൊഴി കസ്റ്റംസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോൺസൽ ജനറലിനും സ്പീക്കർക്കുമിടയിലെ ഇടനിലക്കാരി താനായിരുന്നുവെന്നും വിവിധ ഇടപാടുകളിൽ ഉന്നതർ കോടിക്കണക്കിന് രൂപ കമ്മീഷൻ കൈപ്പറ്റിയെന്നും സ്വപ്ന അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

Comments (0)
Add Comment