ഡോളർ കടത്ത് : ശ്രീരാമകൃഷ്ണന്‍റെ സുഹൃത്തുക്കളെ കസ്റ്റംസ് ചോദ്യം ചെയ്തു

 

കൊച്ചി : ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍റെ സുഹൃത്തുക്കളെ കസ്റ്റംസ് ചോദ്യം ചെയ്തു. നാസ് അബ്ദുള്ള, ലെഫീർ മുഹമ്മദ് എന്നിവരെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. സ്പീക്കർ ഉപയോഗിച്ചിരുന്ന ഒരു സിം കാർഡ് നാസിന്‍റെ പേരിലുള്ളതാണെന്ന് കസ്റ്റംസ് കണ്ടെത്തി. ഈ സിം കാർഡ് ഡോളർ കടത്തുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് സ്പീക്കർ ഉപയോഗിച്ചു എന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം നിയമസഭ ചർച്ച ചെയ്ത ദിവസം തന്നെയാണ് സ്പീക്കറുടെ സുഹൃത്തുക്കളെ കസ്റ്റംസ് ചോദ്യം ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യംചെയ്യൽ. നാസ് അബ്ദുള്ള, ലെഫീർ മുഹമ്മദ് എന്നിവരെയാണ് കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്തത്.

സ്പീക്കർ ഉപയോഗിച്ചിരുന്ന ഒരു സിം കാർഡ് പൊന്നാനി സ്വദേശിയായ നാസിന്‍റെ പേരിലുള്ളതാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. സ്പീക്കർ ആവശ്യപ്പെട്ട പ്രകാരമാണ് തന്‍റെ പേരിൽ സിം കാർഡ് എടുത്തുനൽകിയതെന്ന് നാസ് അബ്ദുള്ള കസ്റ്റംസിന് മൊഴി നൽകിയെന്നാണ് സൂചന. രാവിലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നാസ് ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം സ്പീക്കർക്ക് നാസ് എടുത്തു നൽകിയ സിം കാർഡ് സ്വർണക്കടത്ത് കേസ് പുറത്തുവന്ന ജൂലൈക്ക് ശേഷം സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സിം കാർഡ് ഡോളർ കടത്തുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് സ്പീക്കർ ഉപയോഗിച്ചു എന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്.

നാസ് മന്ത്രി കെ.ടി ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവരുടെ അടുത്ത സുഹൃദ് വലയത്തിൽ പെട്ടയാളാണെന്നും കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു. വിദേശ വ്യവസായിയും മസ്കറ്റിൽ കോളേജ് ഉടമയുമായ ലഫീർ മുഹമ്മദിനെ വിദേശത്തേയ്ക്ക് ഡോളർ കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ഇയാളുടെ സ്ഥാപനത്തിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ജോലിക്ക് അപേക്ഷിച്ചിരുന്നെന്നും ഇന്‍റർവ്യൂവിന് ഹാജരാകുമ്പോൾ എം ശിവശങ്കർ ഒപ്പമുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് ലഫീർ ആരംഭിക്കാനിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട ചില പ്രമുഖർക്ക് നിക്ഷേപമുണ്ടെന്നും കസ്റ്റംസ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ലഫീർ മുഹമ്മദിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. നിയമസഭാ സമ്മേളനത്തിനുശേഷം സ്പീക്കറെ വിളിച്ചു വരുത്തി കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ സ്റ്റാഫംഗം അയ്യപ്പന് പിന്നാലെ സുഹൃത്തുക്കളായ വ്യവസായികളെയും കസ്റ്റംസ് ചോദ്യം ചെയ്തിരിക്കുന്നത് എന്നത് ഗൗരവം വർധിപ്പിക്കുന്നു.

Comments (0)
Add Comment