ഡോളർ കടത്തില്‍ പ്രതിക്കൂട്ടിലായി മുഖ്യമന്ത്രി ; കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും

Jaihind News Bureau
Friday, March 5, 2021

 

ഡോളർ കടത്ത് കേസിൽ മുഖ്യ മന്ത്രി പിണറായി വിജയന് നേരിട്ട് പങ്കുണ്ടെന്ന വെളിപ്പെടുത്തലിൽ പ്രതിക്കൂട്ടിലായി മുഖ്യമന്ത്രി. ഇതോടെ പിണറായി വിജയനെ കസ്റ്റംസിന് ചോദ്യം ചെയ്യേണ്ടി വരും. സ്വര്‍ണ്ണക്കടത്ത് കേസിനോട് അനുബന്ധിച്ചുള്ള ഡോളര്‍ കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ പങ്കാണ് സ്വപ്നയുടെ മൊഴിയോടെ വ്യക്തമായത്.

സ്വപ്നാ സുരേഷിന്‍റെ മൊഴികളടങ്ങിയ സത്യവാങ്മൂലം കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മൂന്നു മന്ത്രിമാര്‍ എന്നിവരും കൂട്ടുപ്രതികളാകും. സാമ്പത്തിക കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് അതിലെ ഒരു പ്രതി മറ്റൊരാളുടെ പേര് പറഞ്ഞാല്‍ അയാളും കൂട്ടുപ്രതിയാകുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. സത്യവാങ്മൂലം കോടതിക്കു നല്‍കിക്കഴിഞ്ഞാല്‍ ഭരണഘടനാ പദവികളിലിരിക്കുന്നവരെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്. പക്ഷേ ഇതിന് ഗവര്‍ണര്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ അനുമതിയും ആവശ്യമുണ്ട്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ് സാമ്പത്തിക ഇടപാടുകള്‍ക്കെല്ലാം പിന്നിലെന്നാണ് പ്രധാന മൊഴി. എന്നാല്‍ ഇയാള്‍ക്ക് ഉന്നത രാഷ്‌ട്രീയ പിന്‍ബലവും പിന്തുണയും ഉണ്ടായിരുന്നു എന്നാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരുടെ സഹായത്തോടെയാണ് കോണ്‍സുലേറ്റുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ഈ ഇടപാടുകള്‍ക്കെല്ലാം ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

ഈ മൊഴി പ്രധാന തെളിവായി എടുത്താല്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കി, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്താന്‍ കസ്റ്റംസിന് അധികാരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിണറായി വിജയന്‍ കാവല്‍ മുഖ്യമന്ത്രി മാത്രമാണ്. നോട്ടീസ് നല്‍കി വിളിക്കുമ്പോള്‍ പിണറായി വിജയന്‍ കസ്റ്റംസിനു മുന്നില്‍ ഹാജരാകുന്നില്ലെങ്കില്‍ പ്രത്യേക അധികാരമുപയോഗിച്ച് കസ്റ്റഡിയിലെടുക്കാനും കസ്റ്റംസിനു കഴിയും.