ശിവശങ്കറിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ; കടുത്ത നടുവേദനയെന്ന് ശിവശങ്കർ

Jaihind News Bureau
Sunday, October 18, 2020

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. ശിവശങ്കറിനെ വിവിധ പരിശോധനകൾക്ക് വിധേയനാക്കി. കടുത്ത നടുവേദന അനുഭവപ്പെടുന്നതായി ആവർത്തിക്കുകയാണ് എം ശിവശങ്കർ. അതേസമയം മെഡിക്കൽ ബോർഡിന്‍റെ തീരുമാനവും ശിവശങ്കറിന്‍റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്.

കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ എം ശിവശങ്കറിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ ആവർത്തിക്കുമ്പോഴും, തനിക്ക് നടുവേദന അനുഭവപ്പെടുന്നതായി ശിവശങ്കർ പറയുന്നുണ്ട്. ശിവശങ്കറിന്‍റെ ആരോഗ്യ പുരോഗതിയെക്കുറിച്ച് ഡോക്ടർമാരോടും മെഡിക്കൽ കോളേജിൽ രൂപീകരിച്ച മെഡിക്കൽ ബോർഡിനോടും വിവരങ്ങൾ കസ്റ്റംസ് തേടുകയാണ്. ഇതുമായി ബന്ധപ്പെട്ട് ശിവശങ്കറിന്‍റെ ആരോഗ്യ വിവരം സംബന്ധിച്ച ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ ലഭ്യമാക്കാനാണ് കസ്റ്റംസിന്‍റെ നീക്കം. എന്നാൽ നടുവേദനയുണ്ടെന്ന് ശിവശങ്കർ ആവർത്തിച്ച് പറയുന്നതോടെ കസ്റ്റംസിന്‍റെ മെഡിക്കൽ സംഘം നേരിട്ടെത്തി എം.ശിവശങ്കറിനെ പരിശോധിക്കാനും സാധ്യതയുണ്ട്. അതേസമയം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് ആശുപത്രി പരിസരത്ത് സുരക്ഷയൊരുക്കാനാണ് സി.ആർ.പി.എഫ് സംഘത്തിന്‍റെ സഹായം കസ്റ്റംസ് തേടിയതെന്ന വാദം ബലപ്പെടുകയാണ്. നാളെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് വരെ അറസ്റ്റ് വൈകിപ്പിക്കാനാണ് ശിവശങ്കറിന്‍റെ നീക്കമെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തൽ.