ഡോക്ടർ ഷഹനയുടെ ആത്മഹത്യ; സുഹൃത്തായ ഡോ. റുവൈസ് അറസ്റ്റിൽ

Jaihind Webdesk
Thursday, December 7, 2023

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തായ ഡോ. റുവൈസ് അറസ്റ്റിൽ. സ്ത്രീധന നിരോധന പ്രകാരമാണ് റുവൈസിനെതിരെ കേസെടുത്തത്. റുവൈസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും. ഇന്ന് പുലർച്ചെ കൊല്ലം കരുനാ​ഗപ്പള്ളിയിലെ ബന്ധുവിന്‍റെ വീട്ടിൽ നിന്നായിരുന്നു റുവൈസിനെ പോലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീധനത്തിന്‍റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറിയതിന് പിന്നാലെയായിരുന്നു  ഷഹനയുടെ ആത്മഹത്യ. വൻ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതാണ് മരണ കാരണമെന്നാണ് ബന്ധുക്കൾ പറഞ്ഞത്. അതേസമയം ഷഹനയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി കുടുംബവും സുഹൃത്തും രംഗത്തെത്തിയിരുന്നു. വിവാഹം മുടങ്ങിയതിനെ തുടർന്ന് ഷഹന മാനസിക സംഘർഷത്തിലായിരുന്നുവെന്നും തുടർന്ന് ഷഹന രണ്ടാഴ്ച അവധിയെടുത്ത് വീട്ടില്‍ പോയെന്നുമാണ് ഷഹനയുടെ സുഹൃത്ത് പ്രതികരിച്ചത്. ആത്മഹത്യകുറിപ്പിൽ സങ്കടങ്ങളെല്ലാം എഴുതിയാണ് ഡോക്ടർ ഷഹന ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു ഷഹന. കഴിഞ്ഞദിവസമാണ് ഷഹനയെ മരിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തിയത്. അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ചായിരുന്നു ഷഹന ആത്മഹത്യ ചെയ്തത്.