‘പിണറായിയുടെ രണ്ടാം അധ്യായം തുറക്കാന്‍ അവസരമുണ്ടാക്കരുത്’ ; ശക്തമായ ഭാഷയില്‍ കെ സുധാകരന്‍

Jaihind Webdesk
Saturday, June 19, 2021

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം.പി. പിണറായിയുടെ നിലയിലേക്ക് തരംതാഴാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം രണ്ടാം അധ്യായം തുറപ്പിക്കാന്‍ അവസരം ഒരുക്കരുതെന്ന ശക്തമായ താക്കീതും നല്‍കി.

രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴായിരുന്നു കെ സുധാകരന്‍റെ പ്രതികരണം. കണ്ണൂരില്‍ സിപിഎം നടത്തിയ കൊലപാതകരാഷ്ട്രീയങ്ങള്‍ക്കെതിരെ അതേ നാണയത്തില്‍ ഒരുക്കലും തിരിച്ചടിച്ചിട്ടില്ല. കൊന്നുതീര്‍ക്കാം എന്നതല്ല തന്‍റെ രാഷ്ട്രീയം. ഇടവും വലവും നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നൊന്നായി വെട്ടിനുറുക്കി കൊന്നപ്പോഴും തിരിച്ചടിക്കുകയല്ല, പ്രതിരോധിക്കുക മാത്രമാണ് താന്‍ ചെയ്തത്. പിണറായി വിജയന്‍റെ നിര്‍ദേശത്തില്‍ സിപിഎം വെട്ടിക്കൊന്ന രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് വീട് കൊടുത്തിട്ടുണ്ട്, ജോലി കൊടുത്തിട്ടുണ്ട്. ഇപ്പോഴും സഹായം നല്‍കി കൊണ്ടിരിക്കുന്നു.

തന്നെ കൊലപാതകിയും ഗുണ്ടയുമായി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ബൂമറാംഗ് പോലെ തിരിച്ചടിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഇനിയും ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ പിണറായിയുടെ രണ്ടാം അധ്യായം തുറക്കേണ്ടിവരുമെന്നും അതിന് വഴിയൊരുക്കരുതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയുകയായിരുന്നു കെപിസിസി അധ്യക്ഷന്‍.