അഴിമതിയുടെ കറപുരണ്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്: ഡി.കെ. ശിവകുമാര്‍

Jaihind Webdesk
Monday, December 24, 2018

തിരുവനന്തപുരം: അഴിമതിയുടെ കറ പുരണ്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ ഡി.കെ.ശിവകുമാര്‍. ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനവും പാലിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. യുത്ത് ലീഗിന്റെ യുവജന യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ഡി.കെ.ശിവകുമാര്‍ ചുണ്ടി കാട്ടി .ഒരു ഭാഗത്ത് അഴിമതി നടമാടുമ്പോള്‍ മറുഭാഗത്ത് ക്രമസമാധാന നില വഷളായിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായും ഡി.കെ.ശിവകുമാര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. വാഗ്ദാന ലംഘനത്തിന്റെ ചരിത്രം മാത്രമാണ് മോദി സര്‍ക്കാരിന് അവകാശപെടാനുളളത്. ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനവും പാലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ല. കര്‍ഷകര്‍ക്ക് ഒരു രൂപയുടെ സഹായവും ലഭിച്ചില്ല. കോര്‍പ്പറേറ്റുകള്‍ മാത്രമാണ് ഈ സര്‍ക്കാരിന്റെ ഗുണ ഭോക്താക്കളെന്നും ഡി.കെ. ശിവകുമാര്‍ കുറ്റപ്പെടുത്തി. ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയു.ഹുല്‍ ഗാന്ധി എന്ന ശക്തനായ നേതാവിലാണ് ഭാവി ഇന്ത്യയുടെ പ്രതീക്ഷ. ഫാസിസത്തിനെതിരെയുള്ള വിധി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ഡി.കെ.ശിവകുമാര്‍ പറഞ്ഞു.