മട്ടന്നൂരിനെയും ഇരിട്ടിയേയും ഇളക്കിമറിച്ച് ഡികെയും കെഎസും; ആവേശക്കടലായി റോഡ് ഷോ

 

കണ്ണൂർ: മട്ടന്നൂരിനെയും ഇരിട്ടിയേയും ഇളക്കിമറിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെയും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന്‍റെയും മാസ് എൻട്രി. പതിനായിരക്കണക്കിന് പ്രവർത്തകരാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്തത്. എൽഡിഎഫിന് നൽകുന്ന ഓരോ വോട്ടും ബിജെപിക്കുള്ള വോട്ടാകുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. കഴിഞ്ഞ തവണ കേരളം യുഡിഎഫിന് 19 സീറ്റുകൾ നൽകി. ഇത്തവണ 20 സീറ്റുകളിലും യുഡിഎഫ് ജയിക്കുമെന്ന് ഉറപ്പാണെന്നും ഡി.കെ. പറഞ്ഞു.

മട്ടന്നൂർ-തലശേരി റോഡിൽ കനാൽ പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. കന്നഡയുടെ ഡികെയും, കണ്ണൂരിന്‍റെ കെഎസും ഒന്നിച്ച് റോഡ് ഷോയ്ക്ക് എത്തിയതോടെപ്രവർത്തകരിൽ ആവേശം അലയടിച്ചു. വഴിനീളെ പ്രവർത്തകർ മുദ്രാവാക്യം വിളികളും ബൈക്ക് റാലികളുമായി ഒപ്പം കൂടി. ജനങ്ങളുടെ വൻ സ്വീകരണം ഏറ്റുവാങ്ങിയാണ് റോഡ് ഷോ ഇരിട്ടിയിൽ സമാപിച്ചത്. ഇരിട്ടിയിൽ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തൊരിടത്തും ബിജെപി തരം​ഗമോ മോദി തരം​ഗമോ ഇല്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഇന്ത്യാ സഖ്യം ദേശീയതലത്തിൽ സർക്കാർ രൂപീകരിക്കുമെന്നതിൽ സംശയം വേണ്ട. നരേന്ദ്ര മോദിക്കും ബിജെപി നേതാക്കൾക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തിരഞ്ഞെടുപ്പ് സമ്മാനിക്കാൻ പോകുന്നത്. എൽഡിഎഫിന് നൽകുന്ന ഓരോ വോട്ടും ബിജെപിക്കുള്ള വോട്ടാകും. കഴിഞ്ഞതവണ കേരളം യുഡിഎഫിന് 19 സീറ്റുകൾ നൽകി. ഇത്തവണ 20 സീറ്റുകളിലും യുഡിഎഫ് ജയിക്കുമെന്ന് ഉറപ്പാണ്.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വിജയമായിരിക്കും. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ചെയ്യുമെന്നുപറഞ്ഞ വാഗ്ദാനങ്ങളെല്ലാം പാലിച്ചു. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാലും വാഗ്ദാനങ്ങൾ പാലിക്കുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. ഡി.കെ. ശിവകുമാറിന്‍റെ സന്ദർശനം കോൺഗ്രസ് പ്രവർത്തകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Comments (0)
Add Comment