ഡി.കെ ശിവകുമാറിനെ കർണാടക പി.സി.സി പ്രസിഡന്‍റായി സോണിയാ ഗാന്ധി നിയമിച്ചു

 

ന്യൂഡല്‍ഹി : മുന്‍ കർണാടക മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിനെ പ്രസിഡന്‍റാക്കി കർണാടക പി.സി.സി പുനഃസംഘടിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിലവിലെ പ്രസിഡന്‍റ് ദിനേശ് ഗുണ്ടുറാവുവിന് പകരമാണ് ഡി.കെ ശിവകുമാറിനെ കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിച്ചത്. ഒപ്പം ഡല്‍ഹി പി.സി.സി പ്രസിഡന്‍റായി അനില്‍ ചൗധരിയെയും കോണ്‍ഗ്രസ് അധ്യക്ഷ നിയമിച്ചു.

ഈശ്വര്‍ ഖാന്ദ്രെ, സതീഷ് ജാര്‍കിഹോളി, സലിം അഹമ്മദ് എന്നിവരെ കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്‍റുമാരായും നിയമിച്ചു. കർണാടക നിയമസഭാ കക്ഷി ചീഫ് വിപ്പായി അജയ് സിംഗിനെയും ലെജിസ്ലേറ്റീല് കൗണ്‍സില്‍ ചീഫ് വിപ്പായി എം നാരായണസ്വാമിയെയും നിയമിച്ചു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി തുടരും.

കർണാടകത്തിലെ കോണ്‍ഗ്രസിന്‍റെ ശക്തനായ നേതാവായ ഡി.കെ ശിവകുമാർ സംഘപരിവാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന നേതാവാണ്. കഴിഞ്ഞ സഖ്യകക്ഷി സർക്കാരിനെ നിലനിർത്താന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ മോദി സര്‍ക്കാരിനും ബി.ജെ.പിക്കും ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ എതിരാളികള്‍ കള്ളക്കേസില്‍ കുടുക്കി ശിവകുമാറിനെ ജയിലിലടച്ചെങ്കിലും ജാമ്യം നേടി അദ്ദേഹം പുറത്തിറങ്ങുകയായിരുന്നു. പാര്‍ട്ടി പ്രവർത്തകർക്കും ഏറെ പ്രിയങ്കരനാണ് ഡി.കെ എന്നറിയപ്പെടുന്ന കരുത്തനായ നേതാവ്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് ഡല്‍ഹി പി.സി.സിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. പ്രസിഡന്‍റായി നിയമിച്ച അനില്‍ ചൗധരിക്കൊപ്പം, അഭിഷേക് ദത്ത്, ജയ് കിഷന്‍, മുദിത് അഗർവാള്‍, അലി ഹസന്‍, ശിവാനി ചോപ്ര എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും സോണിയാ ഗാന്ധി നിയമിച്ചു.

Comments (0)
Add Comment